കുന്നത്തൂർ : ഇന്നലെ കർക്കിടക വാവ് ദിനത്തിൽ ഈറനണിഞ്ഞ ഓർമ്മകളുമായി പിതൃക്കൾക്ക് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ശ്രാദ്ധമൂട്ടി. പുലർച്ചെ മുതൽ തന്നെ സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കുന്നത്തൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.കല്ലടയാർ കിഴക്കോട്ട് ഒഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്ക് തൃശൂർ ഉദയൻ പോറ്റി കാർമ്മികത്വം വഹിച്ചു. തിലഹവനത്തിനുള്ള സൗകര്യവും ഉണ്ടായിരുന്നു.ത ർപ്പണത്തിന് എത്തിയവർക്കായി ക്ഷേത്രത്തിൽ രാവിലെ മുതൽ അന്നദാനവും നടത്തി. പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ പിതൃതർപ്പണ ചടങ്ങുകൾക്ക് തന്ത്രി അജിരാമൻ പോറ്റി കാർമ്മികത്വം വഹിച്ചു.തി ലഹവനവും പിതൃപൂജയും അന്നദാനവും ഉണ്ടായിരുന്നു. കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം (പാട്ടമ്പലം) പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചടങ്ങുകൾക്ക്
ഡോ.എം.എസ് ബിജു കാർമ്മികത്വം വഹിച്ചു.പള്ളിക്കലാറിന്റെ തീരത്തുള്ള
ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രം, ആനയടി
കാഞ്ഞിരത്തുംകടവ് വില്ലാട സ്വാമിക്ഷേത്രം, പോരുവഴി കുറുമ്പുകര തൃപ്പാദപുരം മഹാദേവർ ക്ഷേത്രം
എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. ശാസ്താംകോട്ട, ശൂരനാട് പൊലീസ്,ശാസ്താംകോട്ട ഫയർഫോഴ്സ്,ആരോഗ്യ വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വേണ്ട സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തിയിരുന്നു.