slug

 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ വിവിധ ക്ഷേമപെൻഷനുകളുടെ ഗുണഭോക്തൃ പട്ടികയിൽ വെട്ടിത്തിരുത്തൽ ശുദ്ധീകരണം തുടങ്ങി. മരിച്ചവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. മരിച്ചവർക്കും ക്ഷേമ പെൻഷൻ നൽകുന്നതായുള്ള ഓഡിറ്റ് റിപ്പോർട്ട് കേരളകൗമുദി പുറത്തുവിട്ടതിനെ തുടർന്നാണ് നടപടി.

പരേതരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക വാർഡ് സഭകൾ വിളിച്ചുചേർത്ത് പട്ടിക അവതരിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിന് പുറമേ സ്ഥിരം സംവിധാനം എന്ന നിലയിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ മരിച്ചാൽ റിപ്പോർട്ട് ചെയ്യാനുള്ള ചുമതല അങ്കണവാടി ജീവനക്കാർക്ക് നൽകും. ഇതിനായി ഐ.സി.ഡി.എസിന് കോർപ്പറേഷൻ കത്ത് നൽകും.

ഇന്ന് ചേരുന്ന കൗൺസിൽ യോഗം കത്ത് നൽകുന്നതിന് അംഗീകാരം നൽകും. കൊവിഡ് കാരണം മസ്റ്ററിംഗ് കാര്യമായി നടക്കാഞ്ഞതിനാലാണ് പരേതർക്ക് പെൻഷൻ പോയതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. എന്നാൽ മസ്റ്ററിംഗ് വർഷത്തിലൊരിക്കലാണ് നടക്കുന്നത്.

കുരുക്കിയത് റാൻഡം സർവേ

1. ഓഡിറ്റ് ഉദ്യോഗസ്ഥർ നടത്തിയത് ഒരു വർഷത്തെ റാൻഡം സർവേ

2. മരിച്ച 3000 പേരിൽ 132 പേരുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ കൈമാറി

3. ചിലരുടെ അക്കൗണ്ടിലേയ്ക്ക് 25000 രൂപ വരെ പോയിട്ടുണ്ട്

4. ഇത്തരത്തിൽ 21 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചോർന്നു

5. തുക ബന്ധുക്കൾ പിൻവലിച്ചിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല

6. പിന്നോട്ട് പരിശോധിച്ചാൽ കൂടുതൽ പേരുകൾ പുറത്തുവരും

രജിസ്റ്ററിലുണ്ട്, റദ്ദാക്കലില്ല

നഗരത്തിലെ മരണങ്ങൾ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാറുണ്ട്. ഇത് പരിശോധിച്ച് പെൻഷൻ റദ്ദാക്കാമെങ്കിലും അതിന് തയ്യാറായിട്ടില്ല. ജില്ലാ ആശുപത്രി, നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ മരണങ്ങളും കോർപ്പറേഷനിൽ റിപ്പോർട്ട് ചെയ്യാറുണ്ട്.

ക്ഷേമ പെൻഷൻ വാങ്ങുന്നവർ മരിക്കുകയോ മറ്റേതെങ്കിലും കാരണത്താൽ പെൻഷന് അർഹത നഷ്ടപ്പെടുകയോ ചെയ്താൽ പെൻഷൻ വിതരണത്തിനുള്ള സേവന സോഫ്ട്‌വെയർ വഴി പെൻഷൻ റദ്ദാക്കണമെന്നാണ് ചട്ടം.

കോർപ്പറേഷൻ അധികൃതർ