കൊല്ലം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പളളിത്തോട്ടത്ത് നിർമ്മാണം പൂർത്തിയാക്കിയ ക്യു.എസ്.എസ് കോളനിയിലെ നീലിമ ഫ്ളാറ്റുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 13ന് ഉദ്ഘാടനം നടത്താനുളള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്. മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 114 വീടുകളുടെ നിർമ്മാണം ആദ്യഘട്ടമായി പൂർത്തിയാക്കി അലോട്ട്മെന്റും കഴിഞ്ഞു. മൂന്ന് നിലകളിൽ 10 ബ്ളോക്കുകളിലായിട്ടാണ് ഫ്ളാറ്റുകൾ ഉയർന്നത്.
ലിവിംഗ് റൂം, രണ്ട് ബെഡ്റൂമുകൾ, കിച്ചൻ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് വീടുകൾ. റോഡുകൾ, വാട്ടർ ടാങ്ക്, ഇലക്ട്രി ഫിക്കേഷൻ, ജനറേറർ, ഓടകൾ തുടങ്ങിയവയുടെ ജോലികൾ പൂർത്തിയാക്കി. നേരത്തെ ക്യു.എസ്.എസ് കോളനിയിൽ 165 മത്സ്യത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ജീർണ്ണാവസ്ഥയിലായ സാഹചര്യത്തിൽ പൊളിച്ചു നീക്കി പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കുകയായിരുന്നു.
കോർപ്പറേഷന്റെ
വീടുകൾ 48
ഫിഷറീസ് വകുപ്പ് നിർമ്മിച്ച 114 വീടുകൾക്ക് പുറമേ, കൊല്ലം കോർപ്പറേഷന്റെ നേത്യത്വത്തിൽ 48 വീടുകളുടെ നിർമ്മാണവും പൂർത്തിയായി വരുന്നു. ഈ വീടുകളുടെ നിർമ്മാണത്തിന് ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കോർപ്പറേഷൻ ഫണ്ട് തീരദേശ വികസന കോർപ്പറേഷന് കൈമാറി ജോലികൾ നടത്തുകയായിരുന്നു. അവശേഷിക്കുന്ന 17 വീടുകളുടെ നിർമ്മാണവും പ്രാരംഭ ഘട്ടത്തിലാണ്. കോർപ്പറേഷൻ വിട്ടു നൽകിയ 25 സെന്റ് ഭൂമിയിലെ അങ്കണവാടി കെട്ടിടം പൊളിച്ചു നീക്കി പൈലിംഗ് ജോലികൾ പൂർത്തിയായി. ഇവിടെ 17 വീടുകൾ കൂടാതെ പുതിയ അങ്കണവാടി കെട്ടിടവും നിർമ്മിക്കും.
.................................
ആദ്യ ഘട്ട ഉദ്ഘാടനം: 114 വീടുകൾ
ഒരു വീടിന് ചെലവ് :10 ലക്ഷം
ആകെ ചിലവ്: 11.40 കോടി
അടിസ്ഥാന സൗകര്യങ്ങൾക്ക് : 3 കോടി
ബാക്കി വീടുകൾ
നിർമാണം പൂർത്തിയായത്: 48
നിർമ്മാണ ആദ്യഘട്ടത്തിൽ : 17
....................................
ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയായ 114 വീടുകളുടെ താക്കോൽ കൈമാറാനുളള ഒരുക്കങ്ങൾ നടന്നുവരുന്നു.
സുഹൈർ, ഫിഷറീസ് ഡപ്യുട്ടി ഡയറക്ടർ