
കരുനാഗപ്പള്ളി: ട്രോളിംഗ് നിരോധ കാലയളവിൽ ചെറുമത്സ്യങ്ങളെ പിടിച്ച് വിൽക്കരുതെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നാൽ ഈ കാലയളവിൽ അടുക്കളകളിലേക്കെത്തിയതെല്ലാം പിടയ്ക്കുന്ന ചെറുമത്സ്യങ്ങളാണെന്ന് മാത്രം. മുട്ടയിൽ നിന്ന് വിരിഞ്ഞ നെയ് മത്തിക്കുഞ്ഞുങ്ങളും അയലക്കുഞ്ഞുമൊക്കെ കറിച്ചട്ടികളിലായി.
ഉത്തരവൊക്കെ കാറ്റിൽപ്പറത്തി കോടിക്കണക്കിന് രൂപയുടെ കുഞ്ഞൻ മീനുകളുടെ വിൽപ്പന പൊടിപൊടിച്ചത് അധികൃതരുടെ കണ്ണിലും പെട്ടില്ല.
15 സെന്റീമീറ്രറിൽ താഴെ വലിപ്പമുള്ള മത്സ്യങ്ങളെ പിടിക്കരുതെന്നായിരുന്നു ഉത്തരവ് . ട്രോളിംഗ് നിരോധന കാലയളവിലാണ് മത്സ്യങ്ങൾ മുട്ടയിട്ട് മീനുകൾ വിരിയുന്നത്. മഴയുള്ള സീസണാണെങ്കിൽ 3 മാസം കൊണ്ട് ചെറു മീനുകൾ പൂർണ വളർച്ചയെത്തും. മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയ ചെറുമത്സ്യങ്ങളെയാണ് അടങ്കൻ കൊല്ലി വല ഉപയോഗിച്ച് പിടിച്ച് വിൽക്കുന്നത്.
കടവുകളിലുണ്ട് ലക്ഷങ്ങളുടെ കച്ചവടം
മത്സ്യബന്ധന തുറമുഖങ്ങളിൽ വള്ളങ്ങളിൽ കൊണ്ട് വരുന്ന ചെറുമീനുകൾ മാത്രമാണ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. അതിന് സർക്കാർ നിശ്ചയിച്ച പിഴ ഈടക്കുന്നുമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഹാർബറിലേക്ക് തിരിച്ചുവിട്ടശേഷം ലക്ഷക്കണക്കിന് രൂപയുടെ ചെറുമീനുകളാണ് മറ്റ് കടവുകൾ കേന്ദ്രീകരിച്ച് വില്ക്കുന്നത്. ഉൾക്കടലിൽ വെച്ച് തന്നെ ചിറുമീനുകൾ കാരിയർ വള്ളങ്ങളിലാക്കി തീരങ്ങളിലേക്ക് അയക്കും. മറൈൻ എൻഫോഴ്സ്മെന്റിനെ വെട്ടിച്ചാണ് ഇതെല്ലാം നടക്കുന്നത്. എൻഫോഴ്സ്‌മെന്റിന്റെ ശ്രദ്ധയിൽ പെട്ടാൽ വിവരം ഫിഷറീസ് ഉദ്യോഗസ്ഥരെ അറിയിക്കും. അവർ കരയിലെത്തുന്ന കാരിയർ വള്ളങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കും.
പിഴയിൽ നിന്ന് രക്ഷപ്പെടാൻ
പിഴയിൽ നിന്ന് രക്ഷപ്പെടാൻ ചെറു മീനുകൾക്കൊപ്പം ചൂടയും കൊഞ്ചും ഇടകലർത്തിയാണ് ഹാർബറിൽ എത്തിക്കുന്നത്. ഇതിന് പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഉദ്യോഗസ്ഥർ ഇല്ലാത്ത സമയം നോക്കി ഹാർബറിൽ എത്തിക്കുന്ന ചെറുമീനുകൾ അപ്പോൾ തന്നെ ലേലം ചെയ്ത് ഐസ് ഇട്ട് കണ്ടയ്നെയർ ലോറികളിൽ കയറ്റി കൊണ്ടുപോകുന്നത് പതിവാണ്. സർക്കാർ നിരോധം ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ ചെറുമീനുകളാണ് പിടിക്കുന്നത്.