
കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ ഞായറാഴ്ച അർദ്ധരാത്രി മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് കുതിക്കും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങി. നിരോധനകാലത്ത് ബോട്ടുകൾ കടലിലേക്ക് പോകാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയ ചങ്ങല ഞായറാഴ്ച അർദ്ധരാത്രി പൊലീസ് അഴിച്ചുനീക്കും. കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ ഒറ്റ, ഇരട്ട രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടലിൽ പോകാൻ അനുവദിച്ചിരുന്നത്.
എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ എല്ലാ ബോട്ടുകൾക്കും ഒരുമിച്ച് കടലിൽ പോകാം. 36 അടി വരെ നീളമുള്ള നാടൻ ബോട്ടുകൾ തിങ്കളാഴ്ച ഉച്ചയോടെ മടങ്ങിയെത്തും.
കടലോളം പ്രതീക്ഷ
എല്ലാ വർഷങ്ങളിലേതും പോലെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് പോകുമ്പോൾ ലഭിക്കുന്നതുപോലെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയുമാണ് പ്രധാനമായും ബോട്ടുകാർ പ്രതീക്ഷിക്കുന്നത്. മത്സ്യഇനങ്ങളിൽ ചെങ്കലവയാണ് പ്രധാന പ്രതീക്ഷ. കണവയും പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം വരെ കടലിൽ തങ്ങുന്ന ബോട്ടുകൾക്ക് ഒരു ലക്ഷം രൂപ വരെ ചെലവുണ്ട്. മണ്ണെണ്ണയുടെ വില വർദ്ധനവ് വള്ളക്കാരെ പ്രതിസന്ധിയിലാക്കുമ്പോൾ ഡീസൽ വിലവർദ്ധനവ് ബോട്ടുകാരെ കാര്യമായ ലാഭമില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.