
ജില്ലയിൽ 2 ലക്ഷം ദേശീയ പതാകകൾ ഒരുക്കും
കൊല്ലം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിൽ ഓരോ വീടുകളിലും കുടുംബശ്രീ ഒരുക്കിയ ത്രിവർണ പതാകകൾ പാറിപ്പറക്കും. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ഒരുക്കങ്ങൾ മുന്നേറുന്നത്.
രാജ്യമൊട്ടാകെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തി
ആദരവ് അർപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് സംസ്ഥാന സർക്കാരും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാതലത്തിൽ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയുമാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുണിയിലുള്ള രണ്ട് ലക്ഷം പതാകകളാണ് നിർമ്മിക്കുന്നത്. സ്കൂളുകൾ ഉൾപ്പെടെ ജില്ലയിൽ ഉയർത്തേണ്ട പതാകകളുടെ എണ്ണം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്കടർ ശേഖരിച്ച് നൽകണം.
നിർമ്മാണം, സംഭരണം, വിതരണം എന്നിവയെല്ലാം കുടുംബശ്രീയാണ് നിർവഹിക്കുക. ജില്ലയിലെ വിവിധ കുടുംബശ്രീ അപ്പാരൽ പാർക്കുകളിലും അൻപതോളം ചെറുകിട യൂണിറ്റുകളിലുമായാണ് നിർമ്മാണം.
പുനലൂർ, നെടുമ്പന, പൂയപ്പള്ളി അപ്പാരൽ പാർക്കുകളിൽ ഒരു ലക്ഷത്തിന് മുകളിൽ പതാകകളാണ് തയ്യാറാക്കുക. ചെറിയ യൂണിറ്റുകളിൽ 75,000 പതാകകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.
ദേശീയ പതാക
നിർമ്മാണം - 2002ലെ ഇന്ത്യൻ നാഷണൽ ഫ്ളാഗ് കോഡ് വ്യവസ്ഥകൾ പാലിച്ച് തുണിയിൽ
വലിപ്പം - 30X20 ഇഞ്ച്
വില - ₹ 28
വിതരണ കേന്ദ്രങ്ങൾ - ന്യായവില ഷോപ്പുകൾ, സ്കൂൾ, പോസ്റ്റ് ഓഫീസ്,
ഗ്രാമപഞ്ചായത്ത് ഓഫീസ്, പൊതുജന സേവന കേന്ദ്രങ്ങൾ, റെസി. അസോസിയേഷനുകൾ
കുടുംബശ്രീ യൂണിറ്റുകൾ ദേശീയപതാക തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചു. ആഗസ്റ്റ് 8ന് മുമ്പ് 2 ലക്ഷം ദേശീയപതാകകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.
എം.ആർ. ജയഗീത
ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ