കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ കോടതിക്ക് സമീപത്തെ ബേക്കറിയിൽ മോഷണം. പണവും സാധനങ്ങളും അപഹരിച്ചു. കോട്ടാത്തല വിളയിൽ പുത്തൻവീട്ടിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ബേക്കറിയിലാണ് മോഷണം നടന്നത്. കർക്കിടക വാവുദിനമായതിനാൽ വ്യാഴാഴ്ച കട തുറന്നിരുന്നില്ല. ഇന്നലെ രാവിലെ 7ന് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ഉടമ അറിഞ്ഞത്. കോടതി മതിലിനോട് ചേരുന്ന വശത്തെ ഫൈബർ ഭിത്തി തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 2200 രൂപയും സിഗരറ്റുകളും ബേക്കറി ഉത്പ്പന്നങ്ങളും അപഹരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.