കുന്നിക്കോട് : ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
റെയിൽവേ പാളത്തിന് കുറുകേയുളള മേൽപ്പാലത്തിന്റെ സ്ട്രച്ചർ ജോലികൾ പൂർത്തിയായി. പടവുകളിലും പ്ലാറ്റ്ഫോമിന്റെയും കോൺക്രീറ്റ് നടപ്പാതയുടെയും കൈവരികളുടെയും ജോലികളാണ് അവശേഷിക്കുന്നത്. അടുത്ത രണ്ട് മാസത്തിനകം കാൽനട മേൽപ്പാലം യാത്രക്കാർക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
സ്റ്റേഷൻ നവീകരണം
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളെയും തമ്മിൽ ബന്ധിപ്പിച്ച് മേൽപ്പാലം നിർമ്മിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് രണ്ട് വർഷമായി. ഇടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിർമ്മാണ ജോലികൾ നിറുത്തി വെച്ചിരുന്നു. തൊഴിലാളികൾ അന്യസംസ്ഥാനക്കാരായതിനാൽ അവർക്ക് സ്വന്തം നാടുകളിലേക്ക് പോകേണ്ടി വന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. നവീകരണത്തിന്റെ ഭാഗമായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടി. ശുചിമുറികൾ നിർമ്മിച്ചു. കൂടാതെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വീൽചെയർ പാതയുടെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്.
ഇനി ചുറ്റിക്കറങ്ങണ്ട
കൊല്ലം,ചെങ്കോട്ട റെയിൽവേ പാതയിൽ കൊല്ലം മുതൽ പുനലൂർ വരെയുള്ള പാത വൈദ്യുതീകരിച്ചതിന്റെ ഭാഗമായി നിരവധി ട്രെയിൻ സർവീസുകളാണുള്ളത്. ചെങ്കോട്ടയിലേക്കും ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. പത്തനാപുരം താലൂക്കിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് ആവണീശ്വരത്തുള്ളത്. നിലവിലെ സാഹചര്യത്തിൽ ഉയരം കൂടിയ പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ പാളം മുറിച്ച് കടക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. അല്ലെങ്കിൽ അര കിലോമീറ്ററിലധികം ദൂരം ചുറ്റി കറങ്ങി വേണം ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റേതിൽ എത്തിച്ചേരാൻ. ദീർഘദൂര യാത്രക്കാർക്ക് ഭാരമേറിയ പെട്ടികളും ബാഗുകളും കൊണ്ട് ചുറ്റി വരുന്നതും ദുരിതമാണ്. കാൽനട മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ അതിന് പരിഹാരമാകും.
രണ്ട് മാസത്തിനകം മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. നിലവിൽ കൈവരിയുടെയും മറ്റ് അനുബന്ധ സാമഗ്രികളുടെയും വെൽഡിംഗ് ജോലികൾ സേലത്ത് കരാറുകാരന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് അത് ആവണീശ്വരം സ്റ്റേഷനിൽ എത്തിച്ച് മേൽപ്പാലത്തിൽ ഘടിപ്പിക്കും.
യൂസഫ്
റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ
മധുര ഡിവിഷൻ