
പാലം - സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചു
കൊല്ലം: ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകര, ഇത്തിക്കര പാലങ്ങളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണ ജോലികൾ ആരംഭിച്ചു.
ചാത്തന്നൂരിലാണ് സർവീസ് റോഡുകളുടെ നിർമ്മാണം തുടങ്ങിയത്. സർവീസ് റോഡുകൾ പൂർത്തിയാക്കി ഗതാഗതം തിരിച്ചുവിട്ട ശേഷമാവും മെയിൻ റോഡിന്റെ നിർമ്മാണം തുടങ്ങുക. വൈദ്യുതി, ഇന്റർനെറ്റ് കേബിളുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കും.
നീണ്ടകരയിലും ഇത്തിക്കരയിലും നിലവിലുള്ള പാലത്തിന് സമാന്തരമായി ഇരുവശങ്ങളിലും രണ്ടുവരിയിൽ രണ്ട് പാലങ്ങളാവും നിർമ്മിക്കുക. 22 മീറ്റർ വീതിയും 650 മീറ്റർ നീളവുമുള്ള പാലമാണ് നീണ്ടകരയിൽ പുതുതായി നിർമിക്കുക. ഇരുപാലങ്ങളുടെയും നിർമ്മാണത്തിനായുള്ള പൈലിംഗ് ടെസ്‌റ്റിംഗ് പുരോഗമിക്കുകയാണ്. പഴയ പാലം അടച്ചിട്ട് സംരക്ഷിക്കാനാണ് ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം.
നീണ്ടകരയിൽ ആദ്യമുണ്ടായിരുന്നത് സേതുലക്ഷ്മി പാലമാണ്. 1930 ജൂൺ ഒന്നിന് തിരുവിതാംകുർ റീജന്റ് മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തുറന്നുകൊടുത്ത പാലമാണിത്. 50 വർഷം പിന്നിട്ട ഇപ്പോഴത്തെ നീണ്ടകര പാലം 1972 ഫെബ്രുവരി 24 നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരൻ നാടിന് സമർപ്പിച്ചത്. 422.5 മീറ്റർ നീളമുള്ള പാലം ആ കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും നീളംകൂടിയ പാലമായിരുന്നു.
ജില്ലയിൽ ദേശീയപാത
ഓച്ചിറ - കടമ്പാട്ടുകോണം
ദൂരം - 55 കിലോമീറ്റർ
പാത - 6 വരി
60 ശതമാനം കെട്ടിടങ്ങൾ പൊളിച്ചു
ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയിലെ 60 ശതമാനം കെട്ടിടങ്ങളും പൊളിച്ചുനീക്കി. അവശേഷിക്കുന്ന കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാത വികസനത്തിന് ജില്ലയിൽ 57 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്ത്. 5600 ഭൂ ഉടമകൾക്കായി 24,000 കോടി രൂപ നഷ്ടപരിഹാരമായി നൽകി.
ഏറ്റെടുത്ത ഭൂമിയിലെ നിർമ്മാണങ്ങൾ ഇനിയൊരറിയിപ്പുണ്ടാകാതെ തന്നെ പൊളിച്ചുനീക്കും. വ്യാപാരികളുടെ നഷ്ട പരിഹാര വിതരണം അടുത്തയാഴ്ച അരംഭിക്കും.
എം.കെ. റഹ്മാൻ
ലെയ്സൺ ഓഫീസർ