photo

കരുനാഗപ്പള്ളി: കാറ്റടിച്ചാൽ കറണ്ട് പോകുന്നത് കരുനാഗപ്പള്ളിയിൽ പതിവായി. പരാതി പറയാൻ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാലോ, ആരും ഫോണെടുക്കില്ല. കുറച്ച് കാലമായി എപ്പോൾ വേണമെങ്കിലും കറണ്ട് പോകുന്ന സ്ഥിതി തുടരുകയാണ്. കെ.എസ്.ഇ.ബിയുടെ കരുനാഗപ്പള്ളി സൗത്ത് സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ കറണ്ട് പോക്ക് പതിവാകുന്നത്. സൗത്ത് സെക്ഷന്റെ പരിധിയിൽ 25000 ത്തോളം ഗാർഹിക ഉപഭോക്താക്കളുണ്ട്. ഇതു കൂടാതെയാണ് സർക്കാർ ഓഫീസുകളും ടൗണിലും ഗ്രാമീണ പ്രദേശങ്ങളിലുമുള്ള ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ. 200 ഓളം ട്രാൻസ്‌ഫോമറുകളാണ് സെക്ഷനോഫീസിന്റെ പരിധിക്കുള്ളിലുള്ളത്.

പഴയ സമ്പ്രദായങ്ങൾ മാറി
8 വർഷം മുമ്പ് വരെ ഓരോ പ്രദേശവുംഅവിടെയുള്ള ട്രാൻസ്‌ഫോമറുകളും ഒരോ ഓവർസീയറുടെയും ലൈൻമാന്റെയും നിയന്ത്രണത്തിലായിരുന്നു. വൈദ്യുതി ലൈനിൽ ഉണ്ടാകുന്ന തകരാറുകൾ അവർ തന്നെ യഥാ സമയം പരിഹരിച്ച് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ആ സമ്പ്രദായമില്ല. ഇപ്പോൾ ഓഫീസിലുള്ള ജീവനക്കാരെ മൂന്നായി താരം തിരിച്ചിരിക്കുകയാണ്. മെയിന്റനൻസ്, ബ്രേക്ക് ഡൗൺ, റവന്യു എന്നിങ്ങനെ. ഇതിൽ മെയിന്റനൻസിലുംബ്രേക്ക് ഡൗണിലും 6 ജീവനക്കാർ വീതമാണുള്ളത്.

വാഹനസൗകര്യമില്ല

നിലവിൽ കരുനാഗപ്പള്ളി സൗത്ത് സെക്ഷനെ ഒരു യൂണിറ്റാക്കി മാറ്റി. കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് പറയകടവ് വരെയുള്ള ഭാഗവും കുലശേഖരപുരം, തൊടിയൂർ ഗ്രാമപഞ്ചായത്തുകളുടെ കുറെ ഭാഗങ്ങളും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഇവിടങ്ങളിൽ വൈദ്യുതി ലൈന് തകരാറ് സംഭവിച്ചാൽ ബ്രേക്ക് ഡൗൺ വിഭാഗമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത്. ബ്രേക്ക് ഡൗൺ വിഭാഗത്തിന് ഒരു ജീപ്പ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ വൈദ്യുതി തകരാറിലായ സ്ഥലങ്ങളിൽ യഥാ സമയം എത്തിച്ചേരാൻ ലൈൻമാൻമാർക്ക് കഴിയുന്നില്ല.

തകരാറുകൾ മുൻകൂട്ടി കണ്ടെത്തണം

വൈദ്യുതി ലൈനിന് ഉണ്ടാകുന്ന തകരാറുകൾ മുൻ കൂട്ടി കണ്ടെത്തി പരിഹാരം കാണാൻ കഴിഞ്ഞാൽ മാത്രമേ നിലവിലുള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയൂ. അതിന് ആവശ്യത്തിന് ജീവനക്കാ‌ർ വേണം. അതോടൊപ്പം ഓഫീസിലെ ദൈനംദിന പ്രവർത്തനത്തിന് ഒരു സബ് എൻജിനീയറെ കൂടി നിയോഗിച്ചാൽ അസിസ്റ്റന്റ് എൻജിനീയർക്ക് സാങ്കേതിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു.