
കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള സഞ്ചാരവിലക്ക് മൂന്നാഴ്ച പിന്നിടുമ്പോൾ, തുറന്നു പ്രവർത്തിക്കുന്നതിനോ സുരക്ഷയൊരുക്കുന്നതിനോ നടപടിയൊന്നും സ്വീകരിക്കാതെ ജില്ലാഭരണകൂടവും ടൂറിസം വകുപ്പും. തത്കാലം അടഞ്ഞുതന്നെ കിടക്കട്ടെ എന്ന നിലപാട് തുടരുമ്പോഴും കൃത്യമായ വിശദീകരണം നൽകാനോ മറ്റെന്തെങ്കിലും നടപടികൾ സ്വീകരിക്കാനോ അധികൃതർക്ക് താത്പര്യമില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കച്ചവടം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒമ്പതാം തീയതി സാമ്പ്രാണിക്കോടിക്ക് സമീപം വള്ളം മറിഞ്ഞ് വീട്ടമ്മ മരിച്ചിരുന്നു. ഇതിനെ ത്തുടർന്നാണ് തുരുത്തിലേക്കുള്ള യാത്ര ജില്ലാകളക്ടർ വിലക്കിയത്.
സാമ്പ്രാണിക്കോടി തുരുത്തിലെ ടൂറിസം സാദ്ധ്യതയുടെ പേരിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ റെസ്റ്റോറന്റ് ഭീമമായ തുകയ്ക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്നു. പാർക്കിംഗ് ഫീസ് പിരിവ് നടത്താൻ തൃക്കരുവ ഗ്രാമപഞ്ചായത്തും ഇത്തരത്തിൽ തുക വാങ്ങി. എന്നാൽ, ഇവരാരും തന്നെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തി തുരുത്തിലെത്തുന്ന സഞ്ചാരികൾക്കോ, പാട്ടക്കരാർ എടുത്തവർക്കോ ഗുണകരമായ യാതൊന്നും ചെയ്തില്ലെന്നതാണ് യാഥാർത്ഥ്യം. നിരവധിതവണ അധികൃതർ കൂടിക്കാഴ്ചകൾ നടത്തിയെന്നതൊഴിച്ചാൽ സാമ്പ്രാണിക്കോടി തുരുത്തിനായി എന്തെങ്കിലും ചെയ്യാൻ ഇപ്പോഴും അവർക്ക് മടിയാണ്.
പട്ടിണിയുടെ പിടിയിലായത്
നിരവധി കുടുംബങ്ങൾ
സാമ്പ്രാണിക്കോടി തുരുത്ത് കേന്ദ്രീകരിച്ച് പലയിടങ്ങളിൽ നിന്നായി ഡി.ടി.പി.സിയുടേത് ഉൾപ്പെടെ 40 ഓളം ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരുടെ എണ്ണം ഇരട്ടിയോളം വരും. മത്സ്യത്തൊഴിലാളികളും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുമൊക്കെയായിരുന്നു സാമ്പ്രാണിക്കോടി തുരുത്തുമായി ബന്ധപ്പെട്ട് സ്വയം തൊഴിൽ കണ്ടെത്തിയത്. അവശ്യം വേണ്ട നടപടികൾ സ്വീകരിക്കാതെ നൂറോളം പേരെ പട്ടിണിയിലേയ്ക്ക് തള്ളിവിടുന്ന രീതിയാണ് അധികൃതർ ഇപ്പോഴും പിന്തുടരുന്നത്.
സാമ്പ്രാണിക്കോടി തുരുത്ത്
1. പ്രാക്കുളത്ത് നിന്ന് 350 മീറ്റർ അകലെ അഷ്ടമുടിക്കായലിൽ
2. മുട്ടൊപ്പം വെള്ളത്തിൽ ഉറച്ച പ്രതലത്തിൽ നടക്കാമെന്ന പ്രത്യേകത
4. അവധി ദിവസങ്ങളിലെത്തുന്നത് ആയിരങ്ങൾ
5. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
6. ടൂറിസത്തിന് മുതൽക്കൂട്ട്, സർക്കാരിനും വരുമാനം
നടക്കാത്ത വാഗ്ദാനങ്ങൾ
1. സഞ്ചാരികളുടെ സുരക്ഷക്കായി തുരുത്തിന് ചുറ്റും ഫെൻസിംഗ്
2. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി
3. കണ്ടൽ സംരക്ഷണത്തിന് നടപടി
4. തുരുത്തിൽ ലൈഫ് ഗാർഡ്, പൊലീസ് സുരക്ഷ