കൊല്ലം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് മുഴുവൻഅദ്ധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറിപെൻഷൻ സമ്പ്രദായത്തിൽ കൊണ്ടുവരണമെന്നും പ്രതിലോമകരമായ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്നും എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് എൻ. ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയ്ക്ക് സെക്രട്ടറി പിടവൂർ രമേശ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ്, വൈസ് പ്രസിഡന്റ് കെ.എസ്.ഷിജുകുമാർ, കമ്മിറ്റി അംഗം എൻ. ഉദയകുമാർ, ജില്ലാ ട്രഷറർ ടി. കിഷോർ, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് കെ. ആർ. സജികുമാർ എന്നിവർ സംസാരിച്ചു. ആർ.മാല, എസ്.സ്മിത, എ.ബാബു, മുരളീധരൻ ആറ്റുവാശ്ശേരി, ജയശ്രീ, ഒ.ബിനു, രതീഷ് സംഗമം, എ.രാജേഷ് എന്നിവർ നേതൃത്വം നൽകി.