കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ആഘോഷ കമ്മിറ്റി രൂപീകരണത്തിനുള്ള സംയുക്ത യോഗം ഇന്ന് വൈകിട്ട് 3.30ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിക്കും.
കൊല്ലം യൂണിയൻ പരിധിയിലെ എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൊല്ലം യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, എംപ്ളോയീസ് ഫാറം, പെൻഷണേഴ്സ് കൗൺസിൽ, സൈബർ സേനാ ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, ഹെഡ്മിസ്ട്രസുമാർ, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.
ആലോചനാ യോഗത്തിൽ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ അറിയിച്ചു.