1-

 നടന്നത് മോക്‌ഡ്രിൽ

കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് ഇരുമതവിഭാഗങ്ങൾ ഏറ്റുമുട്ടിയത് തീരദേശവാസികൾക്കിടയിൽ ആശങ്ക പരത്തി. പൊലീസ് കൺട്രോൾ റൂമിൽ വിവരം എത്തിയതോടെ നിമിഷങ്ങൾക്കുള്ളിൽ ദ്രുതകർമ്മ സേനയും സായുധ സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി.

സി​റ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം
കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സംഭവ സ്ഥലത്ത് കുതിച്ചെത്തി. ഇതിനിടെ സ്ഥിതി നിയന്ത്രണവിധേയമാക്കി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ സഞ്ചരിച്ച വാഹനങ്ങൾ കൊല്ലം ഈസ്​റ്റ്, പള്ളിത്തോട്ടം, ഇരവിപുരം പൊലീസ് സ്​റ്റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ തടിച്ചുകൂടിയ ജനം കാര്യമറിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് തിരികെ വീടുകളിലേക്ക് മടങ്ങി.

സാമുദായിക കലാപങ്ങൾ നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായി സി​റ്റി പൊലീസ് നടത്തിയ മോക്ക് ഡ്രില്ലാണ് മുണ്ടയ്ക്കലിൽ അരങ്ങേറിയത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രതീതി സൃഷ്ടിച്ചായിരുന്നു തുടക്കം. സി​റ്റി പൊലീസ് കൺട്രോൾ റൂം, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവയും മോക്ക്ഡ്രില്ലിൽ പങ്കാളികളായി.

സാമുദായിക സംഘർഷം പോലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്.

മെറിൻ ജോസഫ്

സിറ്റി പൊലീസ് കമ്മിഷണർ