photo
വെള്ളക്കെട്ടായ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡ്

പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡ് മഴ പെയ്താൽ കുളമാകും. മൂന്നൂറ് മീറ്റർ ദൂരത്തിൽ മൂന്നിടത്താണ് വെള്ളക്കെട്ട്. കോൺക്രീറ്റ് ചെയ്ത റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഓട നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. വെള്ളം ഒഴുകിപ്പോകുന്ന തരത്തിലല്ല കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിവിടെയുള്ളത്.

ചെളിവെള്ളത്തിൽ ചവിട്ടാതെ സാഹസിക യാത്ര

പുത്തൂർ മണ്ഡപം ജംഗ്ഷനിൽ ബസിറങ്ങിയശേഷം കൂടുതൽ കുട്ടികളും നടന്നാണ് സ്കൂളിലേക്ക് വരുന്നത്. ചെളിവെള്ളത്തിൽ കൂടി വേണം നടന്നുപോകാൻ. ചെളിവെള്ളം യൂണിഫോമിൽ തെറിച്ചതിന്റെ പേരിൽ ക്ളാസിൽ കയറാതെ തിരിച്ചുപോകേണ്ടിവന്ന അനുഭവവും വിദ്യാർത്ഥികൾക്കുണ്ട്. ചെളിവെള്ളത്തിൽ ചവിട്ടാതെ കടന്നുപോകാൻ കുട്ടികൾ സാഹസിക യാത്ര ചെയ്യുന്നതൊക്കെ പതിവ് കാഴ്ചയാണ്. സമീപ പുരയിടത്തിൽ ഇറങ്ങി കടന്നുപോകുന്നവരുമുണ്ട്.

കുളക്കട ഗ്രാമപഞ്ചായത്ത് ഇടപെടണം

കണിയാപൊയ്ക ക്ഷേത്രത്തിലേക്കും ആർട്ട് ഒഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിലേക്കും പോകാനുള്ള വഴികൂടിയാണിത്. നിരവധി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. റോഡിന്റെ ദുരിതാവസ്ഥയിൽ കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതർ വേണ്ട ശ്രദ്ധകാട്ടുന്നില്ല.