കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ച ഇന്നലെ അർദ്ധരാത്രി മത്സ്യബന്ധന ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക് കുതിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനൊപ്പം മഴയും പെയ്തിരുന്നെങ്കിലും കാറ്റില്ലാഞ്ഞതിനാൽ ഫിഷറീസ് ഉദ്യോഗസ്ഥർ അർദ്ധരാത്രി 12 ഓടെ നീണ്ടകര പാലത്തിന് കുറുകെയുള്ള ചങ്ങല അഴിച്ച് നൽകുകയായിരുന്നു.

രാത്രി പത്തരയോടെ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപമെത്തി. 12 ഓടെ ഫീഷറീസ് ഉദ്യോഗസ്ഥർ ചങ്ങല അഴിച്ചതോടെ ഒരുമിച്ച് കടലിലേക്ക് കുതിക്കുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്നലെ വൈകിട്ട് കോസ്റ്റൽ പൊലീസ് ഐ.ജി പ്രത്യേക യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ഈ യോഗത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് എല്ലാ ബോട്ടുകൾക്കും കൃത്യമായി നൽകാൻ തീരുമാനിച്ചു. 52 ദിവസം പണിക്ക് പോകാതിരുന്നതിനാൽ നിയന്ത്രണം അടിച്ചേൽപ്പിക്കേണ്ടെന്നും ധാരണയായി.

തിരക്ക് ഒഴിവാക്കാൻ ഇന്നലെ സന്ധ്യയോടെ പാലം മുറിച്ചുകടക്കാൻ ബോട്ട് ഉടമകൾ അനുമതി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇന്നലെ പുറപ്പെട്ടവയിൽ ചെറിയ ബോട്ടുകൾ ഇന്ന് രാവിലെ മടങ്ങിയെത്തും. ചിലത് ഉച്ചയ്ക്കുള്ളിലുമെത്തും. കൂറ്റൻ ബോട്ടുകൾ രണ്ട് ദിവസങ്ങൾക്ക് ശേഷമേ എത്തുള്ളൂ. എല്ലാ വർഷങ്ങളിലെയും പോലെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയുമാണ് പ്രധാനമായും ബോട്ടുകാർ പ്രതീക്ഷിക്കുന്നത്. മത്സ്യ ഇനങ്ങളിൽ ചെങ്കലവയാണ് പ്രധാന പ്രതീക്ഷ. കണവയും പ്രതീക്ഷിക്കുന്നുണ്ട്.