കൊല്ലം: ഗുരുദേവന്റെ 168-ാമത് ജയന്തിയോട് അനുബന്ധിച്ച് സെപ്തംബർ 10ന് കൊല്ലം നഗരത്തിൽ നടക്കുന്ന ചതയദിനഘോഷയാത്രയിൽ അരലക്ഷം പേരെ പങ്കെടുപ്പിക്കാൻ കൊല്ലം എസ്.എൻ വനിതാകോളേജിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം തീരുമാനിച്ചു. എസ്.എൻ ട്രസ്റ്റിന്റെയും യോഗം കൊല്ലം യൂണിയന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഘോഷയാത്രയിൽ കൊല്ലം യൂണിയനിലെ 75 ശാഖകൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ള പതിനായിരങ്ങൾക്ക് പുറമേ എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരും അണിചേരും.
ഗുരുദേവന്റെ ജീവിതവും ദർശനവും അടയാളപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ചെണ്ടമേളം, പഞ്ചവാദ്യം, നാടൻകലാരൂപങ്ങൾ തുടങ്ങിയവയും ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര സമ്മേളന വേദിയായ കൊല്ലം എസ്.എൻ കോളേജിൽ എത്തുമ്പോൾ ആകാശ ദീപക്കാഴ്ചയും ഉണ്ടാകും. ഘോഷയാത്രയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ(മുഖ്യരക്ഷാധികാരി), യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമൻ(പ്രസിഡന്റ്), തുഷാർ വെള്ളാപ്പള്ളി, ഡോ. ജി. ജയദേവൻ(ഉപരക്ഷാധികാരി), മോഹൻ ശങ്കർ(ചെയർമാൻ), എൻ. രാജേന്ദ്രൻ(ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
എസ്.എൻ വനിതാ കോളേജിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതത്തിനൊപ്പം റിപ്പോർട്ടും അവതരിപ്പിച്ചു. യോഗം ബോർഡ് അംഗം രമേശ്, യൂണിയൻ കൗൺസിലർമാരായ പുണർതം പ്രദീപ്, ബി. പ്രതാപൻ, ബി. വിജയകുമാർ, ഷാജി ദിവാകർ, എം. സജീവ്, അഡ്വ. ധർമ്മരാജൻ, യോഗനാദം ചീഫ് ഓർഗനൈസർ പി.വി.രജിമോൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, അനിൽ മുത്തോടം, മഹിമ അശോകൻ,
വനിതാസംഘം യൂണിയൻ സെക്രട്ടറി ഷീല നളിനാക്ഷൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ജെ. വിമലകുമാരി, കുമാരി രാജേന്ദ്രൻ, പ്രമോദ് കണ്ണൻ, രഞ്ജിത്ത് കണ്ടച്ചിറ, വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി. വിജയൻ, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ നിഷ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രിയദർശിനി, ഹെഡ്മിസ്ട്രസ് മിനിജ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറഞ്ഞു.