കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ ശാഖ പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്ത യോഗം യൂണിയൻ ഓഫീസിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ശിവഗിരി മഠത്തിൽ നിന്ന് തെളിക്കുന്ന ദിവ്യ ജ്യോതിയും വഹിച്ചുകൊണ്ടുള്ള ചതയദിന സന്ദേശ രഥയാത്രയ്ക്ക് യൂണിയനിലെ 92 ശാഖകളിലും സ്വീകരണം നൽകും. സെപ്തംബർ 10ന് ജയന്തി ദിനത്തിൽ യൂണിയൻ ഓഫീസിലെ ഗുരുക്ഷേത്രത്തിലും വിവിധ ശാഖകളിലെ ഗുരുക്ഷേത്രങ്ങളിലും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കും. ശാഖകൾ കേന്ദ്രീകരിച്ചാണ് ജയന്തി ഘോഷയാത്രകൾ നടത്തുക. ശാഖാ പ്രവർത്തകർക്ക് പുറമെ യൂത്ത് മൂവ്മെന്റ്, വനിതാസംഘം, കുടുംബ യൂണിറ്റ് പ്രവർത്തകരെയും ഇതിനായി സജ്ജരാക്കും. ശാഖാ തലങ്ങളിൽ ഘോഷയാത്രയും സമ്മേളനങ്ങളുമടക്കം വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, സെക്രട്ടറി അഡ്വ.പി.അരുൾ, യോഗം ബോർഡ് മെമ്പർ അഡ്വ.സജീവ് ബാബു, നിയുക്ത ബോർഡംഗം അനിൽ ആനക്കോട്ടൂർ, കൗൺസിലർമാരായ ബൈജു പാണയം, സുരേന്ദ്രൻ ചക്കുവരക്കൽ, സുദേവൻ, ഹരൺകുമാർ, ജയപ്രകാശ് കൈതയിൽ, കരിങ്ങന്നൂർ മോഹൻ എന്നിവർ സംസാരിച്ചു. അടുത്ത വർഷം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി നടത്താനും യോഗം തീരുമാനിച്ചു.