കൊല്ലം: സ്റ്റേഷനിൽ വച്ച് പൊലീസുകാരെ ആക്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ചവറ തെക്കുംഭാഗം കോയിവിളയിൽ കുളത്തൂർ വീട്ടിൽ ജെയിംസണാണ് (25) റിമാൻഡിലായത്. അഞ്ചാലൂംമൂട് പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലായിരുന്ന സുനിൽ ലാസറിനെയും ജി.ഡി ചാർജായിരുന്ന ഗുരുപ്രസാദിനെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്.
മദ്യപിച്ചെത്തിയ പ്രതി ശനിയാഴ്ച അഞ്ചാലൂംമൂട്ടിലെ ഭാര്യവീടായ മതിലിൽ, കാട്ടുവിള പുത്തൻ വീട്ടിലാണ് ആദ്യം അക്രമം നടത്തിയത്. വിവരം അറിഞ്ഞെത്തിയ അഞ്ചാലൂംമൂട് പൊലീസ് ജെയിംസണിനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ വച്ച് അസഭ്യം വിളിക്കുന്നത് തടഞ്ഞ സുനിലെ ആക്രമിച്ചു. തടയാൻ ശ്രമിക്കവെയാണ് ഗുരുപ്രസാദിനെ അക്രമിച്ചത്. സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജന്റെ നിർദ്ദേശാനുസരണം കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.