
ദുരന്ത തീവ്രത കുറച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിത രക്ഷാപ്രവർത്തനം
പുനലൂർ: ഇന്നലെ വൈകിട്ട് നാലേകാലോടെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുംഭാവുരുട്ടി അക്ഷരാർത്ഥത്തിൽ നിലവിളിച്ചു. ഇരമ്പിയാർത്തെത്തിയ മലവെള്ളത്തിന്റെ ഉഗ്രശബ്ദത്തിൽ നിലവിളികൾ മറഞ്ഞു. അല്പനേരം സ്തംഭിച്ചുനിന്നുപോയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും നാട്ടുകാരും സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് മരണം ഒന്നിൽ ഒതുങ്ങിയത്.
അപകടം നടക്കുമ്പോൾ ഏകദേശം നൂറിലേറെ പേർ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ തമിഴ്നാടിൽ നിന്നുള്ള സംഘമടക്കം 38 ഓളം പേർ ജലപാതത്തിന് താഴെയുണ്ടായിരുന്നു. പാറയിടുക്കുകളിൽ കുടുങ്ങിയ ഇവരെ ഡി.പി.എഫ്.ഒ സുനിൽ സഹദേവൻ, ആർ.എഫ്.ഒ അരുൺ, ഡെപ്യൂട്ടി ആർ.എഫ്.ഒ റോബിൻ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. സ്ഥലത്ത് ആംബുലൻസ് ഉണ്ടായിരുന്നതിനാൽ പരിക്കേറ്രവരെ വൈകാതെ ആശുപത്രിയിലും എത്തിച്ചു.
തുറന്നത് അഞ്ച് വർഷത്തിന് ശേഷം
നാലുവർഷമായി അടച്ചിട്ടിരുന്ന വനമദ്ധ്യത്തിലെ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം കഴിഞ്ഞമാസം 11നാണ് തുറന്നത്. അടച്ചിട്ടിരിക്കുകയാണെങ്കിലും അതിക്രമിച്ച് കടന്ന രണ്ട് വിദ്യാർത്ഥികൾ നാലുവർഷം മുമ്പ് ഇവിട ജലപാതത്തിൽ പെട്ട് മരിച്ചിരുന്നു. ഇതോടെ നിയന്ത്രണം കൂടുതൽ കർശനമാക്കി.
എത്തുന്നത് മൂവായിരത്തിലേറെപ്പേർ
വനം വകുപ്പിൽ നിന്ന് 20ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച ശേഷമാണ് സഞ്ചാരികൾക്കായി ജലപാതം വീണ്ടും തുറന്ന് നൽകിയത്. ഇതിന് ശേഷം വൻ ജനത്തിരക്കാണ്. ഒരു ദിവസം ശരാശരി 3000 പേരെങ്കിലും എത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ നാലായിരം കടക്കും. കൂടുതലും തമിഴ്നാട് സ്വദേശികളാണ്. വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് വെള്ളത്തിൻെറ ശക്തികുറയ്ക്കാൻ തടയണ നിർമ്മാണം നടന്നുവരുന്നതിനിടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. എന്നാൽ ഇന്നലെ ജലപാതത്തിന് സമീപം കാര്യമായ മഴയില്ലാതിരുന്നു. രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ പിന്നീട് ജലപാതം പഴയ നിലയിലാവുകയും ചെയ്തു.
വനംവകുപ്പിന് വരുമാനം ദിവസം ഒരുലക്ഷം രൂപ
പ്രവേശന ഫീസ് ഇനത്തിൽ ഓരോ ദിവസവും ഒരു ലക്ഷം രൂപയോളം വനം വകുപ്പിന് വരുമാനം ലഭിക്കുന്നുണ്ട്. അഞ്ച് വർഷം മുമ്പ് ദിവസവും 1.5 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്നു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം നേരത്ത വന സംരക്ഷണ സമിതിക്കായിരുന്നു. എന്നാൽ ഭരണസമിതിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സമിതി പിരിച്ചുവിട്ടു. ഇപ്പോൾ വനംവകുപ്പിനാണ് പൂർണ നിയന്ത്രണം. ചെങ്കോട്ട -അച്ചൻകോവിൽ റൂട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉൾവനത്തിലാണ് ജലപാതം. പ്രധാന പാതയിൽ നിന്ന് കാൽനടയായാണ് ടൂറിസ്റ്റുകൾ വെള്ളച്ചാട്ടത്തിനടുത്തെത്തുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ട, മേക്കര വഴിയും, പുനലൂരിൽ നിന്ന് അലിമുക്ക്, കറവൂർ വഴിയുമാണ് വിനോദസഞ്ചാരികൾ എത്തുന്നത്. സീസൺ ആരംഭിച്ചതോടെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.