vellam

പുനലൂർ: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് തമിഴ്നാട്ടിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. സേലം ഈറോഡ് സ്വദേശി കിഷോർ, മറ്റൊരു തിരുനെൽവേലി സ്വദേശി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് മിനി വാനിൽ കുംഭാവുരുട്ടയിലെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള 15 അംഗ സംഘം ജലപാതത്തിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷികമായി മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. കുമരനും കിഷോറും തിരുനെൽവേലി സ്വദേശിയും ഒഴുക്കിൽപ്പെട്ടു. പാറക്കെട്ടുകളിൽ തലയിടിച്ചാണ് കുമരൻ മരിച്ചത്. മറ്റ് രണ്ടുപേർക്കും തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ശക്തമായി വെള്ളം ഒഴുകിയെത്തിയപ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് 13പേർ തൊട്ടടുത്തുള്ള പാറയിടുക്കിൽ കയറിയിരുന്നു. സംഭവം അറിഞ്ഞെത്തിയ ഫോറസ്റ്റ് ഗൈഡുകളും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ജലപാതത്തിൽ നിന്ന് 15 അടിയിലേറെ താഴ്ചയിലുള്ള പാറയിടുക്കിൽ നിന്നാണ് കുമരനെയും കിഷോറിനെയും തിരുനെൽവേലി സ്വദേശിയെയും പുറത്തെടുത്തത്. പാറയിടുക്കിൽ കയറിയിരുന്ന സംഘത്തെ സമീപത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ അഴിച്ചിട്ട് നൽകി നാട്ടുകാരും ഗൈഡുകളും ചേർന്ന് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
തീവ്രമായ മലവെള്ളപ്പാച്ചിൽ 15 മിനിറ്റോളം നീണ്ടുനിന്നു. ഉൾവനത്തിൽ നിന്നുള്ള ശക്തമായ ഒഴുക്ക് രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. കുംഭാവുരുട്ടി മേഖലയിൽ സംഭവം നടക്കുമ്പോഴോ അതിന് മുമ്പേ മഴയുണ്ടായിരുന്നില്ല. ഉൾവനത്തിൽ പെയ്ത മഴയാകാം മലവെള്ളപ്പാച്ചിലായി എത്തിയതെന്ന് കരുതുന്നു. കുമരന്റെ മൃതദേഹം തെങ്കാശി താലൂക്ക് ആശുപത്രി മോർച്ചറിയിൽ മാറ്റി.