അതിരപ്പിള്ളി: ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്താൻ അതിരപ്പിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗോത്രസാരഥി വാഹന സർവീസ് ആരംഭിച്ചു. ആദിവാസി കോളനികളിലെ വിദ്യാർത്ഥികളുടെ പഠനം, യാത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ 2022-23 സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്നുമാണ് പഞ്ചായത്ത് ഇതിന് തുക കണ്ടെത്തിയത്. ഷോളയാർ മുതലുള്ള കോളനികളിലെ വിദ്യാർത്ഥികൾക്കാണ് വാഹനത്തിൽ യാത്രാസൗകര്യം ഒരുക്കുന്നത്. വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങൽക്കുത്ത് ഗവ. യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ പഠനത്തിനാണ് പഞ്ചായത്തിന്റെ കൈത്താങ്ങ്.
പ്രസിഡന്റ് കെ.കെ. റിജേഷ് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൗമിനി മണിലാൽ ചടങ്ങിൽ അദ്ധ്യക്ഷയായി. പ്രധാന അദ്ധ്യാപിക ലിറ്റി, പഞ്ചായത്തംഗം സനീഷ് അർഷമി, അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.