അതിരപ്പിള്ളി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. നാലടി വീതമാണ് തുറന്നത്. ഇതേ തുടർന്ന് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. എന്നാൽ ആശങ്കയ്ക്ക് ഇടമില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച കാര്യമായ മഴയില്ലാത്തതാണ് ആശ്വാസമായത്. ഡാമിലെ ഏഴ് ഷട്ടറുകളും 421.50 മീറ്ററിൽ സ്ഥിരമായി താഴ്ത്തി വച്ചിരിക്കുകയാണ്. കൂടുന്ന വെള്ളം സ്വാഭാവികമായും നേരിട്ട് പുഴയിലേക്ക് ഒഴുകുന്നതിനാണ് ഇത്തരം മുൻ കരുതൽ. പുഴയിൽ വെള്ളം കൂടിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം ശക്തിയാർജ്ജിച്ചു. പാറക്കെട്ടുകളുടെ എല്ലാ ഭാഗത്ത് കൂടിയും വെള്ളം ചാടുന്നുണ്ട്. ചാർപ്പ വെള്ളച്ചാട്ടത്തിലും കനത്ത കുത്തൊഴുക്കാണ്.