എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു
കൊടുങ്ങല്ലൂർ: പടിഞ്ഞാറെ നടയിലെ സപ്ലൈകോ മെഡിക്കൽ സ്റ്റോർ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി. ശ്രീകുമാര സമാജം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മെഡിക്കൽ സ്റ്റോറാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയത്. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ കൊടുങ്ങല്ലൂരിൽ തന്നെ നിലനിറുത്താൻ തീരുമാനമായത്.
മെഡിക്കൽ സ്റ്റോർ ഒഴിയുന്നതായി കാണിച്ച് എടമുട്ടം ഡിപ്പോ സപ്ലൈകോ മാനേജർ കെട്ടിടം ഉടമയായ ശ്രീകുമാര സമാജത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ മാറ്റുന്ന വിവരം പുറത്തായത്. സ്ഥലവാടക വർഷം തോറും കൂടുന്നതിനാലും അതിന് ആനുപാതികമായി വിൽപ്പന നടക്കുന്നില്ലെന്നും പറഞ്ഞാണ് മെഡിക്കൽ സ്റ്റോർ മാറ്റാൻ നീക്കം നടത്തിയത്.
വാടക പ്രശ്‌ന പരിഹാരത്തിന് മുൻസിപ്പാലിറ്റിയുമായി ആലോചിച്ച് അനുയോജ്യമായ മറ്റൊരു കെട്ടിടം കുറഞ്ഞ വാടകയിൽ നൽകി സഹായിക്കാൻ കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു. മുഴുവൻ ആളുകൾക്കും ഇവിടെ നിന്ന് മരുന്നിന് 15 ശതമാനം വിലക്കുറവ് കിട്ടുന്നുണ്ട്. ബി.പി.എൽ കാർഡ് ഉടമകൾക്ക് 25 ശതമാനം വിലക്കുറവിൽ 1,000 രൂപ വരെയുള്ള മരുന്ന് മാസം തോറും ലഭിച്ചിരുന്നു. പ്രമേഹ രോഗികൾക്ക് ഇൻസുലിന് 20 ശതമാനം വിലക്കുറവും കിട്ടുന്നുണ്ട്. അകലെയുള്ള സ്ഥലത്തേക്ക് കെട്ടിടം മാറ്റുമ്പോൾ ഈ ആനുകൂല്യങ്ങളെല്ലാം ഇല്ലാതാകുമോയെന്ന ആശങ്കയാണ് പൊതുജനങ്ങൾ ഉയർത്തിയത്.