വടക്കാഞ്ചേരി: നഗരസഭ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം ബദൽ സംവിധാനം ഒരുക്കാതെ നടപ്പാക്കരുതെന്ന് മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൂർണമായ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമായി പെട്ടെന്ന് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്. നിരോധനം നടപ്പാക്കുന്നതിന് 6 മാസമെങ്കിലും സമയം അനുവദിക്കണം. കൊവിഡിൽ നിന്നും കരകയറി വരുന്ന വ്യാപാരികൾ ലക്ഷങ്ങളുടെ സ്റ്റോക്കാണ് കരുതിയിട്ടുള്ളത്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണവും പിഴ ഈടാക്കുന്നതും നിറുത്തിവയ്ക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ നിവേദനം കൈമാറി. പി.എൻ. ഗോകുലൻ, ചാർളി കെ. ഫ്രാൻസീസ്, സി.എ. ഷംസുദീൻ, പ്രശാന്ത് പി. മേനോൻ, പ്രശാന്ത് മല്ലയ്യ എന്നിവർ പങ്കെടുത്തു.