അതിരപ്പിള്ളി: 2018ലെ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ഭൂമി നഷ്ടപ്പെട്ടതിനെ തുടർന്ന് ആനക്കയത്തെത്തി കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ടോയ്‌ലറ്റുകൾ നൽകി അതിരപ്പിള്ളി പഞ്ചായത്ത്. ഇരുപത്തിനാല് വീട്ടുകാർക്കായി ആധുനിക രീതിയിൽ ആറ് ടോയ്‌ലറ്റുകളാണ് നിർമ്മിച്ചത്. ആനക്കയത്തെ കോളനി ഉപേക്ഷിച്ച് പോത്തുപാറയിലേക്ക് ചേക്കേറിയ വീട്ടുകാർക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ അനുമതി ലഭ്യമല്ലാത്തിനാൽ സ്വന്തമായി ഭൂമി നൽകാനായിട്ടില്ല. വൈദ്യുതി, കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യം എന്നിവയും ഒരുക്കി നൽകിയിരുന്നില്ല. സോളാറിൽ നിന്നുള്ള വൈദ്യുതിയാണ് കോളനിക്കാർ ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് ടോയ്‌ലറ്റ് സംവിധാനം ഒരുക്കി അതിരപ്പിള്ളി പഞ്ചായത്ത് രംഗത്തെത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 18 ലക്ഷം രൂപ ചെലവിട്ട് ടോയ്‌ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ അഷിത രമേശ്, ഊരുമൂപ്പൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.