ചാലക്കുടി: മുൻധാരണ പ്രകാരം നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ തൽസ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് നിലനിൽക്കുന്ന തർക്കം കൂടുതൽ രൂക്ഷമായി. തിങ്കളാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ തീരുമാനം ഒദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പൈലപ്പൻ അറിയിച്ചത്. രാജി സന്നദ്ധയാണ് അദ്ദേഹത്തിൽ നിന്നും നേതാക്കൾ പ്രതീക്ഷിക്കുന്നത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാൽ ചാലക്കുടിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടുമൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സി.പി.എം കൗൺസിലറായിരുന്ന പൈലപ്പൻ രണ്ട് പതിറ്റാണ്ട് മുമ്പ് രാജിവച്ച് കോൺഗ്രസിൽ ചേർന്നത് വലിയൊരു സംഭവമായിരുന്നു. മുതിർന്ന പല നേതാക്കൾക്കും അനഭിമതനായിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വവും നഗരസഭയിലെ യു.ഡി.എഫിന്റെ കടിഞ്ഞാണും കൈക്കലാക്കാൻ പൈലപ്പന് സാധിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തിങ്കളാഴ്ചയിലെ പ്രഖ്യാപനം നിർണായകമാകും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച തൃശൂരിൽ നടത്തിയ ചർച്ചയിൽ രമ്യമായ പരിഹാരം ഉണ്ടായില്ല. മാത്രമല്ല, അടുത്ത ദിവസം രാജി നൽകണമെന്ന സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ അന്ത്യശാസനവുമുണ്ടായി. എന്നാൽ ഇതു വകവയ്ക്കാതെ പൈലപ്പൻ മടങ്ങിയെന്നാണ് വിവരം. ഇതോടെ പ്രശ്‌നം സങ്കീർണമായി. പിന്നീട് കെ.പി.സി.സി പ്രസിഡന്റ് വീണ്ടും പ്രശ്‌നത്തിൽ ഇടപെട്ട് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാജിക്കാര്യം പ്രഖ്യാപിക്കുമെന്ന സൂചന ലഭിച്ചത്. ഇതിനായി വി.ഒ. പൈലപ്പൻ വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. ഒന്നര മാസം കൂടി സ്ഥാനം നീട്ടിക്കിട്ടണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന വി.ഒ. പൈലപ്പൻ തിങ്കളാഴ്ചയിലെ വാർത്താസമ്മേളനത്തിൽ മറ്റെന്തെങ്കിലും തീരുമാനം പറയുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിലും യു.ഡി.എഫ് കൗൺസിലർമാർക്കുമുണ്ട്.