സ്‌കൂൾ വിക്കി മത്സരത്തിൽ വിജയിച്ച കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.
കൊടുങ്ങല്ലൂർ: സ്‌കൂൾ വിക്കി ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കെ.കെ.ടി.എം ഗവ. ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാര വിതരണം നടന്നത്. നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനും മന്ത്രി ആന്റണി രാജു മുഖ്യാതിഥിയുമായിരുന്നു. എല്ലാ ജില്ലയിൽ നിന്നുമുള്ള സമ്മാനാർഹർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രാദേശിക ഭാഷയിൽ തയ്യാറാക്കിയ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ സ്‌കൂൾ വിക്കിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്.