വെങ്കിടങ്ങ്: കാഞ്ഞാണി-ചാവക്കാട് റോഡ് അടിയന്തര പ്രാധാന്യത്തോടെ സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ മണലൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോൾക്കൃഷി സംരക്ഷിക്കാൻ ഏനാമാക്കൽ റഗുലേറ്റർ പുതുക്കി നിർമ്മിക്കണമെന്നും മറ്റൊരു പ്രമേയത്തിൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ സമാപന ദിനമായ ഞായറാഴ്ച പൊതു ചർച്ചയോടെയാണ് തുടങ്ങിയത്. 11 ലോക്കൽ കമ്മിറ്റികളെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് സെക്രട്ടറി വി.ആർ. മനോജ് മറുപടി പറഞ്ഞു. സി.പി.ഐ ദേശീയ കൺസിൽ അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, റവന്യൂ മന്ത്രി കെ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ എകസികൂട്ടീവ് കമ്മറ്റി അംഗങ്ങളായ പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. 24 അംഗ മണ്ഡലം കമ്മിറ്റിയേയും 25 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി വി.ആർ. മനോജിനെ വീണ്ടും തെരെഞ്ഞെടുത്തു.