വടക്കാഞ്ചേരി: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളും നിരോധിക്കപ്പെടുന്നതോടെ അനിവാര്യമാകുന്ന തുണി സഞ്ചികൾക്കായി സാരി ചലഞ്ച് ഒരുക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ. പ്ലാസ്റ്റിക് നിരോധന പശ്ചാത്തലത്തിൽ കടകളിൽ എല്ലാം പരമാവധി തുണി സഞ്ചികൾ ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ പരിപാടി. തുണി, വില കൊടുത്ത് വാങ്ങി സഞ്ചി തയ്ച്ച് കൊടുക്കുന്നത് വലിയ ചെലവാണ്. എന്നാൽ എല്ലാ വീടുകളിലും നാളുകളായി ഉപയോഗിക്കപ്പെടാതെ ഉപേക്ഷിച്ച സാരി വലിയൊരു സാദ്ധ്യതയാണ്. ഈ സാരികൾ കുടുംബശ്രീ അയൽക്കൂട്ട പ്രവർത്തകർ മുഖേന ശേഖരിച്ച് തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾക്ക് കൈമാറുന്നതിനാണ് നഗരസഭ കുടുംബശ്രീ സാരി ചലഞ്ച് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന സാരികൾ അണുനാശിനിയിൽ കഴുകി ഉണക്കിയതിനു ശേഷം തയ്യാറാക്കുന്ന തുണി സഞ്ചികൾ തയ്യൽക്കൂലി മാത്രം ഈടാക്കി കച്ചവടക്കാർക്ക് നൽകാനാണ് കുടുംബശ്രീ തീരുമാനിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ തന്നെ പദ്ധതിയുടെ പൂർണരൂപം പ്രഖ്യാപിക്കും.