1

തൃശൂർ: കാലാവസ്ഥാക്കെടുതിയും ചെലവും വർദ്ധിക്കുന്നതിനിടെ മണ്ണെണ്ണ വില കൂടി കൂടുന്നതോടെ പ്രാരാബ്ധത്തിൽ മുങ്ങി മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധന യാനങ്ങൾക്ക് പ്രതിദിനം 35 - 65 ലിറ്റർ മണ്ണെണ്ണ വേണം. മത്സ്യഫെഡ്‌വഴി നൽകുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 138 രൂപയാണ്. ഓയിലിനുളള പണവും മണ്ണെണ്ണ ഗോഡൗണിൽ നിന്ന് എത്തിക്കാനുള്ള ചെലവും കൂട്ടിയാൽ ഒരു ദിവസം ആറായിരത്തിലേറെ രൂപ വരും. ഇത്രയും ചെലവിട്ടാലും പകുതിപോലും ആദായമുണ്ടാകില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

സിവിൽ സപ്ലൈസ് വഴി നൽകുന്ന മണ്ണെണ്ണ ലിറ്ററിന് 102 രൂപയായി. മൂന്നുമാസം കൂടുമ്പോൾ നൽകുന്നത്, അര ലിറ്റർ മാത്രം. ഇനി അതുപോലും കിട്ടുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. വില കൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പൊതുവിതരണവകുപ്പ്.

കൈവശമുള്ള ശേഖരം തീരുന്നത് വരെ സംസ്ഥാനം 82 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം തുടരും. എന്നാൽ കരുതൽ തീർന്നാൽ വിതരണം മുടങ്ങും. മത്സ്യത്തൊഴിലാളികളെ മാത്രമാണ് മണ്ണെണ്ണ ക്ഷാമം ഗുരുതരമായി ബാധിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ 80 ശതമാനം എൻജിനുകളും മണ്ണെണ്ണയിലാണ് പ്രവർത്തിക്കുന്നത്.

മഴയ്ക്കും കാറ്റിനുമൊപ്പം കടലേറ്റം കൂടിയുണ്ടായതോടെ ജില്ലയുടെ തീരങ്ങളിൽ കഴിഞ്ഞദിവസം കടൽവെള്ളം ഇരച്ചുകയറി. വീടുകൾക്കുള്ളിലേക്കും വെള്ളം കയറുന്നുണ്ട്. കടൽത്തീരത്തെ പലരും പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ച് കടപ്പുറത്തെ വീട് ഒഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ, വീടൊഴിയാത്തവരുമുണ്ട്. കടലാക്രമണത്തിൽ വിവിധയിടങ്ങളിലെ ജിയോ ബാഗ് തടയണകൾ നശിച്ചു.

കനത്ത കാറ്റുണ്ടാകുമെന്നതിനാൽ എട്ടു വരെ കടലിൽ പോകരുത്. അതിനാൽ പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമുണ്ട്. കടൽ മത്സ്യസമ്പത്തും തൊഴിലാളികളുടെ പ്രതിശീർഷ വരുമാനവും വർഷംതോറും കുറയുകയാണ്. മത്സ്യസമ്പത്തിലും വലിയ നഷ്ടം ഉണ്ടാകുന്നുണ്ട്. കടൽമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കണ്ടൽക്കാടുകളുടെ നാശം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയവ കാരണമാണ് മത്സ്യസമ്പത്ത് കുറയുന്നതെന്നാണ് വിലയിരുത്തൽ.

വൻവിലയ്ക്ക് മണ്ണെണ്ണ വാങ്ങി കടലിൽ പോകാൻ കഴിയില്ല. മണ്ണെണ്ണയ്ക്ക് പണം നൽകിക്കഴിഞ്ഞാൽ കൈയിൽ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയാണ്. കടലിൽ നിന്ന് വേണ്ടത്ര മീനും കിട്ടാതായി.

- രേഖ, ഇന്ത്യയിൽ ആദ്യമായി ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ വനിത.