ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച്ച രാത്രി ഇടഞ്ഞ കൊമ്പൻ ബലറാമിനെ ആനത്താവളത്തിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒന്നാം പാപ്പാൻ സുരേഷ് തിരിച്ചെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊമ്പനെ ആനത്താവളത്തിലേയ്ക്ക് കൊണ്ടുപോയത്. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് കൊമ്പൻ ബൽറാം ഇടഞ്ഞത്. രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്ന് തെക്കേനടയിലെ ആനപന്തിയിലെത്തിയ ഉടനെയായിരുന്നു കൊമ്പൻ ഇടഞ്ഞത്. തുടർന്ന് ഒരു മണിക്കൂറോളം പാപ്പാൻമാർ നടത്തിയ ഗ്രാമത്തിനൊടുവിലാണ് കൊമ്പനെ തളയ്ക്കാനായത്. ഒന്നാം പാപ്പാൻ സുരേഷ് ആശുപത്രിയിലായതിനെ തുടർന്ന് കൊമ്പനെ ഇവിടെ നിന്നും അഴിയ്ക്കാനായിരുന്നില്ല. ഞായറാഴ്ച രാത്രി പത്ത് മണിയോടെ സുരേഷ് എത്തിയാണ് അഴിക്കാനായുള്ള ശ്രമം തുടങ്ങിയത്. ആദ്യമൊന്നും സുരേഷിനെ കൊമ്പൻ അടുത്തേയ്ക്ക് അടുപ്പിച്ചില്ല. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഒന്നരയോടെയാണ് കൊമ്പനെ വരുതിയിലാക്കി അഴിച്ചത്. ക്ഷേത്രത്തിന് തെക്കുഭാഗത്തെ ആനപന്തിയിൽ നിന്നും ലോറിയിൽ കയറ്റിയാണ് ആനത്താവളത്തിലേയ്ക്ക് കൊണ്ടുപോയത്. ദേവസ്വം ആനത്താവളത്തിലെ പതിനഞ്ചോളം പാപ്പാൻമാരും ദേവസ്വം വെറ്ററിനറി ഡോക്ടമാരായ കെ. വിവേക്, പ്രശാന്ത് എന്നിവരും കൊമ്പനെ അഴിക്കുന്നതിനായി എത്തിയിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ , ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എ.കെ. രാധാകൃഷ്ണൻ, ജീവധനം മാനേജർ സി.ആർ. ലെജുമോൾ എന്നിവരും സന്നിഹിതരായിരുന്നു.