ചാലക്കുടി: രണ്ടാഴ്ചയായി നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കും ആകാംഷയ്ക്കും വിരാമമിട്ട് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ തന്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം എട്ടിന് സ്ഥാനം ഒഴിയുമെന്ന് കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ മേൽ ഘടകങ്ങൾ നേരത്തെയുണ്ടാക്കിയ കരാർ അനുസരിച്ച് അടുത്ത രണ്ടര വർഷം എബി ജോർജാണ് ചെയർമാൻ സ്ഥാനത്തു വരുകയെന്നും വി.ഒ. പൈലപ്പൻ പറഞ്ഞു. പുതിയ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ തൊട്ടടുത്ത ദിവസം വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജുവും സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണാ പ്രകാരം തനിക്ക് ഒന്നര വർഷമായിരുന്നു കാലാവധി. ജൂൺ 28 ന് അത് പൂർത്തിയായി. അന്നേ ദിവസം തന്നെ ഔദ്യോഗിക രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് നൽകി. എബി ജോർജ്, ഷിബു വാലപ്പൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പൈലപ്പന്റെ രാജിയെ പരിഹസിച്ച് പ്രതിപക്ഷവും രംഗത്തെത്തി. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷിനെ കൂടാതെ വി.ജെ. ജോജി, കെ.എസ്. സുനോജ് എന്നിവരും പങ്കെടുത്തു.
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ സമീപിച്ച് ഒരുമാസം കൂടി നീട്ടി ചോദിച്ചത് സദുദ്ദേശ്യത്തോടെ ആയിരുന്നു. നേരത്തെ തീരുമാനിച്ച നഗരസഭയുടെ ഗോൾഡൻ ജൂബിലിയാഘോഷത്തിന്റെ നടത്തിപ്പായിരുന്നു ലക്ഷ്യം. എന്നാൽ ചാലക്കുടിയിൽ മാത്രം ഒരു വിട്ടുവീഴ്ച അനുവദിച്ച് കൊടുത്താൽ അത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം സംബന്ധിച്ച് നേരത്തെയുണ്ടാക്കിയ ധാരണകളെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചാലക്കുടിയിലെ നേതാക്കളുമായി ആലോചിച്ച് രാജി തീരുമാനിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
-വി.ഒ. പൈലപ്പൻ.