ചാലക്കുടി: അരനൂറ്റാണ്ടിന്റെ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെയർമാൻ തന്റെ രാജിക്കാര്യം അറിയിക്കുന്നതിന് ഇത്രയും സന്നാഹങ്ങളോടെ വാർത്താസമ്മേളനം നടത്തുന്നത്. കൗൺസിൽ ഹാളിലായിരുന്നു വാർത്താ സമ്മേളനം. എബി ജോർജ്, ഷിബു വാലപ്പൻ എന്നിവരല്ലാതെ ഒരു കൗൺസിലിർമാരേയും ഹാളിലേക്ക് കടത്തിയില്ല. ഇതിന്റെ തൊട്ടു മുമ്പും ഏറെനേരം അടുത്ത ചെയർമാന്മാരായ എബി ജോർജ്, ഷിബു വാലപ്പൻ എന്നിവരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ഇതെല്ലാം നഗരസഭയ്ക്ക് പുതിയ അനുഭവമായി. ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പോകുന്ന സാഹചര്യത്തിൽ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് എബി ജോർജും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർപേഴ്‌സന്റെ കാര്യത്തിലും ഉടനെ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ച നേതാക്കൾ ആ സ്ഥാനം എ ഗ്രൂപ്പിന് തന്നെയായിരിക്കുമെന്ന് ഉറപ്പ് പറഞ്ഞില്ല. ഇപ്പോൾ ആലോചിച്ചിട്ടില്ലെങ്കിലും സ്ഥിരം സമിതി അദ്ധ്യക്ഷ പദവികളിലും മാറ്റമുണ്ടാകും. അവസാനത്തെ ഒരു വർഷം ചെയർമാൻ സ്ഥാപനം ഷിബു വാലപ്പനായിരിക്കുമെന്നും ഇവർ അറിയിച്ചു. ചെയർമാൻ സ്ഥാനത്തെത്തുന്ന എബി ജോർജ് വഹിക്കുന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വി.ഒ. പൈലപ്പന് നൽകുന്ന കാര്യം ആലോചിച്ചിട്ടില്ല. നഗരസഭയുടേയും പാർട്ടിയുടേയും സ്ഥാനങ്ങൾ മൂന്നു പേരിൽ കേന്ദ്രീകരിക്കുന്നുവെന്ന് പ്രവർത്തകർക്ക് ആക്ഷേപമുണ്ടെന്ന വാർത്താ ലേഖകരുടെ അഭിപ്രായത്തിൽ ഇവർ പ്രതികരിച്ചില്ല.