വടക്കാഞ്ചേരി: ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കയാണ് അകമല മൂച്ചിക്കൽ യൂസഫിന്റെ കുടുംബത്തിന്. പച്ചക്കറിക്കടയിലെ തൊഴിലാളിയായിരുന്ന യൂസഫിന് ഒന്നര വർഷം മുമ്പാണ് ഹൃദയത്തിലേക്കുള്ള രക്തകുടലിൽ വലിയ മുഴ അനുഭവപ്പെട്ടത്. മുഴകൾ പൊട്ടി രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ നടത്തി. കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റ് പെറുക്കിയാണ് ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ചത്. എണീറ്റ് നടക്കാൻ പോലും കഴിയാത്ത അസ്ഥയിൽ മറ്റുള്ള വീടുകളിൽ ജോലിയെടുത്താണ് ഭാര്യ നസീറ കുടുംബം പുലർത്തിയിരുന്നത്. പ്രായപൂർത്തിയാകാറായ ഒരു പെൺകുട്ടിയും മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമുൾപ്പെട്ടതാണ് യൂസഫിന്റെ കുടുംബം. അടുത്തിടെയായി വീണ്ടും കുടലിലെ അസുഖം രൂപപ്പെട്ടു. ഇതോടെ ഭാര്യ നസീറക്ക് വീട്ടു ജോലികൾക്കും പോകാൻ കഴിയാതെയായി. ഇതോടെ കുടുംബം പട്ടിണിയിലായി. യൂസഫിന്റെ ജീവൻ നിലനിറുത്തണമെങ്കിൽ ഉടനെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി 15 ലക്ഷം രൂപ ചെലവ് വരും. ജീവൻ മരണ പോരാട്ടത്തിനിടയിൽ എന്തു ചെയ്യണമെന്നറിയാതെ മുന്നോട്ടു പോകുകയാണ് യൂസഫിന്റെ കുടുംബം. യൂസഫിന്റെ ജീവൻ നിലനിറുത്താൻ സഹായം അഭ്യർത്ഥിക്കുകയാണ് യൂസഫിന്റെ കുടുംബം. സഹായങ്ങൾ അയക്കേണ്ട അക്കൌണ്ട് നമ്പർ 15650100095335. നസീറ യൂസഫ്, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001565, ഫെഡറൽ ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ച്.