ചാലക്കുടി: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ല്യൂയിസ് വാൾവും ആറ് ഷട്ടറുകളും തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടായാൽ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീഷിണിയിലാകും. ഞായറാഴ്ച വൈകിട്ട് ഡാമിൽ നിന്നും സാധാരണ ഷട്ടറുകൾ വഴി കൂടുതൽ വെള്ളം പുഴയിലേക്ക് തുറന്നു വച്ചു. എന്നാൽ പദ്ധതി പ്രദേശത്തും നാട്ടിലും മഴ വിട്ടു നിന്നതിനാൽ തിങ്കളാഴ്ച ഭീഷണി ഒഴിവായിരുന്നു. രാവിലെ ജലനിരപ്പ് രണ്ടടി കൂടിയെങ്കിലും വൈകിട്ടോടെ പഴവ അവസ്ഥയിലേക്കായി. ഒരു സ്ലൂയീസ് ഗേറ്റ് കൂടി തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ഇതുണ്ടാവുകയും തുടർച്ചയായി മഴയും പെയ്താൽ അവസ്ഥ സങ്കീർണമാകും. വൈദുതി ഉത്പാദനം അടക്കം പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും സെക്കന്റിൽ 300 ഘന മീറ്റർ വെള്ളമാണ് പുഴിയിലെത്തുന്നത്. ഡാമിലെ ജലസംഭരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വൈദ്യുതി ബോർഡ് ഇത്തരം മുൻകരുതൽ സ്വീകരിച്ചത്. തിങ്കളാഴ്ച വൈകിട്ട് രേഖരിച്ച വിവരത്തിൽ ഡാമിലെ വെള്ളത്തിന്റെ അളവ് 420 മീറ്ററാണ്. തുടർന്നും ഇതേ അളവ് നിലനിറുത്തുയാണ് അധികൃതരുടെ ലക്ഷ്യം. ഈ കാലവർഷത്തെ ഏറ്റവും കൂടുതൽ വെള്ളമാണ് അതിരപ്പിള്ളി ചാട്ടത്തിൽ പ്രകടമാകുന്നത്. ചാർപ്പയിലും കനത്ത കുത്തൊഴുക്കുണ്ട്.