പൊയ്യ: പുളിപ്പറമ്പ് ബണ്ട് റോഡ് കൈയ്യേറി സി.എഫ്.ഐ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃത നിർമ്മാണം നടത്താൻ ഉദ്യോഗസ്ഥ തലത്തിൽ എല്ലാ സഹായവും നൽകിയത് എൽ.ഡി.എഫ് പ്രാദേശിക നേതൃത്വമാണെന്ന് പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസും ഭരണസമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കർഷക സമിതിയും പഞ്ചായത്തും ഇവരുടെ കൈയ്യേറ്റങ്ങൾക്കെതിരെ നേരത്തെ കർശന നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും സി.പി.എം സി.പി.ഐ നേതൃത്വങ്ങൾ തങ്ങളുടെ ഭരണ സ്വാധീനം ഉപയോഗിച്ച് കൈയ്യേറ്റങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണന്നും ഇവർ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വക്കച്ചൻ അമ്പൂക്കൻ, സാബു കൈതാരൻ, സി.ജെ. ബേബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.