തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി തെക്കെമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാരെ അവരോധിച്ചു. സ്വാമിയാരെ തെക്കെ മഠത്തിൽ നിന്നും വാദ്യങ്ങളോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ചന്ദ്രപുഷ്കരണിയിൽ നീരാടിയ ശേഷം വാദ്യഘോഷങ്ങളോടെ ഋഷഭ പ്രതിഷ്യ്ഠക്കു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് ആനയിച്ചു.
ഗണപതി പൂജയ്ക്ക് ശേഷം തന്ത്രി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിൽ നിന്നും അവരോധിക്കാൻ അനുവാദം വാങ്ങി മൂന്നുപ്രാവശ്യം ശംഖുവിളിയോടെ പുഷ്പാഞ്ജലി സ്വാമിയാർ ആയി അവരോധിച്ചു.
വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു മൂപ്പിൽ സ്വാമിയാർ ശങ്കരാനന്ദ ബ്രഹ്മാനന്ദ ഭൂതിയിൽ നിന്നും മൂലമന്ത്രം സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് ശേഷം ഭിക്ഷ, വച്ചു നമസ്കാരം ചടങ്ങുകൾ കൂത്തമ്പലത്തിൽ നടന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ, ദേവസ്വം സ്പെഷ്യൽ കമ്മിഷണർ ജ്യോതി, സെക്രട്ടറി ശോഭന, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, ടി.ആർ. ഹരിഹരൻ, പി. പങ്കജാക്ഷൻ, ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ, മേൽശാന്തിമാരായ പയ്യപ്പിള്ളി മാധവൻ നമ്പൂതിരി, ചെറുമുക്ക് ശ്രീരാജ് നാരായണൻ എന്നിവർ നേതൃത്വം നൽകി.
സഹൃദയ എൻജി. കോളേജിൽ 'സ്കൈ ഫെസ്റ്റ് "
തൃശൂർ: ഭിന്നശേഷിക്കാരെ രസകരമായി വ്യായാമം ചെയ്യിപ്പിക്കുന്ന റോബോട്ട്, കൂടുതൽ നേരമിരുന്ന് ജോലി ചെയ്യുമ്പോൾ നടുവിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള സ്മാർട് കോളർ ബാൻഡ്, ഫിസിയോ തെറാപ്പിയെ ഗെയിമിലൂടെ ലളിതമാക്കുന്ന സാങ്കേതികവിദ്യ തുടങ്ങിയ വ്യത്യസ്ത കണ്ടുപിടുത്തങ്ങളുടെ പ്രദർശനം 'സ്കൈ ഫെസ്റ്റ്' നാളെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിൽ നടക്കും.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, പവർ സിസ്റ്റംസ്, നിർമാണ സാങ്കേതിക വിദ്യകൾ, ബയോടെക്നോളജി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത 50 കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കും. റിസർച്ച് ഇന്നവേഷൻ നെറ്റ്വർക്ക് കേരളയും സഹൃദയ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററും സഹകരിച്ചാണ് പ്രദർശനം നടത്തുന്നത്.
രാവിലെ ഒമ്പതിന് റൂറൽ എസ്.പി: ഐശ്വര്യ ദോംഗ്രെ പ്രദർശനവും മൂന്നിന് സംസ്ഥാന നോളജ് ഇക്കോണമി മിഷൻ തലവൻ ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള, ഐ.ഇ.ഡി.സി നോഡൽ ഓഫിസർ പ്രൊഫ. ജിബിൻ ജോസ്, മനോജ് ജോർജ് എന്നിവർ പറഞ്ഞു.