തൃശൂർ: ദേശീയ ധീരതാ അവാർഡിൽ ഇടംപിടിച്ച് തൃശൂർ ജില്ല. ഇന്ത്യൻ കൗൺസിൽ ഫൊർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന്റെ ഭാഗമായത് തൃശൂരിലെ എയ്ഞ്ചൽ മരിയ ജോയ് ആണ്.
2021ലെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത അഞ്ച് കുട്ടികളിൽ ഒരാളാണ് എയ്ഞ്ചൽ. കനാലിൽ അകപ്പെട്ട മൂന്ന് വയസുകാരനെ രക്ഷിച്ചതാണ് രാമവർമ്മപുരം മണ്ണത്തു ജോയ് എബ്രഹാമിന്റെയും മിഥിലയുടെയും മകൾ എയ്ഞ്ചലിനെ അവാർഡിന് അർഹയാക്കിയത്. തൃശൂർ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ആറിനും 18നും വയസിനിടെ പ്രായമുള്ള കുട്ടികൾക്ക് ശിശുക്ഷേമ സമിതിയാണ് അവാർഡ് ഏർപ്പെടുത്തുന്നത്. ധീരതാ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരെ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് ആദരിച്ചു.
പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
തൃശൂർ: മണ്ണുത്തി എസ്.എച്ച്.ഒ: എം. ശശിധരൻ പിള്ളയ്ക്ക് സ്ഥലംമാറ്റം. മികച്ച പൊലീസ് സ്റ്റേഷൻ, ഐ.എസ്.ഒ അംഗീകാരം എന്നിവ കരസ്ഥമാക്കിയപ്പോൾ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് മലപ്പുറം കാളിക്കാവിലേക്കാണ് സ്ഥലംമാറ്റം. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായാണിത്. പീച്ചി എസ്.എച്ച്.ഒ: എസ്. ഷൂക്കുറാകും ഇനി മണ്ണുത്തി എസ്.എച്ച്.ഒ. മങ്കട എസ്.എച്ച്.ഒ ആയിരുന്ന യു.കെ. ഷാജഹാനെ കുന്നംകുളത്തേക്കും. ഇവിടെ ഉണ്ടായിരുന്ന വി.സി. സൂരജിനെ വടക്കെക്കരയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. സ്റ്റാൻലി ജോണിനെ തൃശൂർ ക്രൈംബ്രാഞ്ചിലേക്കും സ്ഥലം മാറ്റി.