പാവറട്ടി: കാലവർഷം ശക്തിപ്രാപിക്കുന്നു എന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ നാല് ഷട്ടറുകൾ തുറന്നിരുന്നു. ഇതിലൂടെയാണ് രണ്ടുമാസക്കാലമായി വെള്ളം ഒഴുകി പോയിരുന്നത്. എന്നാൽ കാലവർഷം ശക്തി പ്രാപിക്കും എന്ന മുൻകരുതലിന്റെ ഭാഗമായിട്ടാണ് റെഗുലേറ്ററിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ഷട്ടറുകൾക്ക് പുറമെ കൂടുതൽ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കി കളയാനുള്ള ശ്രമത്തിലാണെന്നാണ് അധികൃതർ പറയുന്നത്. ക്രൈയിൻ ഉപയോഗിച്ച് ഒരു ഷട്ടർ ഉയർത്താൻ ഏകദേശം മുക്കാൽ മണിക്കൂറോളം വേണ്ടിവരും. ഈ സമയം വരെ വാഹന യാത്രക്കാർ ദുരിതത്തിൽ ആവുന്ന അവസ്ഥയുണ്ട്. ഏനാമാക്കൽ സെക്ഷൻ എ.ഇ: ടി.എ. സിബുവിന്റെ നേതൃത്വത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്.