jeevan

വാടാനപ്പിള്ളി: വിദ്യാർത്ഥികളിൽ സഹജീവി സ്‌നേഹം വളർത്താൻ തൃത്തല്ലൂർ യു.പി.സ്‌കൂളിൽ ആരംഭിച്ച ജീവൻ ജീവന്റെ ജീവൻ പദ്ധതി പതിനാല് വർഷം പിന്നിടുമ്പോൾ സമ്മാനവുമായി കാരമുക്ക് സ്വദേശി. പദ്ധതിയിലേക്ക് താൻ ഓമനിച്ച് വളർത്തുന്ന അമ്മു എന്ന ഗർഭിണിയായ ആട്ടിൻകുട്ടിയെ സംഭാവന നൽകിയിരിക്കുകയാണ് കാരമുക്ക് സ്വദേശി സി.ഡി.കൃഷ്ണൻ. പദ്ധതിക്ക് ജീവനായ ആദ്യ ആട്ടിൻകുട്ടി മണിക്കുട്ടി ഇന്നലെ ഓർമ്മയായിരുന്നു. മണിക്കുട്ടിയുടെ ഓർമ്മകൾ വായിച്ചറിഞ്ഞാണ് പ്രവാസിയായിരുന്ന കൃഷ്ണൻ സഹായവുമായി രംഗത്തെത്തുന്നത്.

ടി.എൻ.പ്രതാപൻ എം.എൽ.എയായിരുന്ന കാലത്ത്, സഹപാഠികളായിരുന്ന ഇപ്പോഴത്തെ സീനിയർ വെറ്ററിനറി സർജൻ ഡോ.പി.ഡി.സുരേഷും അന്നത്തെ സമഗ്ര വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ കെ.എസ്.ദീപനും ചേർന്നാണ് പദ്ധതിക്ക് ജീവൻ നൽകിയത്. പിന്നീട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പദ്ധതിയെ കേരള മോഡൽ പ്രൊജക്ടാക്കി എറ്റെടുത്തു. സ്‌കൂൾ ഔഷധത്തോട്ടത്തിൽ താമസിപ്പിച്ച് ഒരു പിടി പുല്ലും പത്ത് പ്ലാവിലയും നൽകി കുട്ടികൾ ആട്ടിൻകുട്ടിയെ ഓമനിച്ച് വളർത്തി. ആ മണിക്കുട്ടിക്ക് ഇന്ന് പതിനൊന്ന് തലമുറയായി. 2008 ആഗസ്റ്റ് അഞ്ചിന് അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ 52 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു. ഈ വർഷത്തെ കൂടി ചേരുമ്പോൾ 53 തികഞ്ഞു. ഓരോ തലമുറയിലെയും ആട്ടിൻ കുട്ടികളെ തെരഞ്ഞെടുക്കുന്ന ഗോട്ട് ക്ലബ്ബ് അംഗങ്ങൾക്കാണ് വിതരണം ചെയ്യുക. ആദ്യപ്രസവത്തിലെ ആട്ടിൻകുട്ടികളെ സ്‌കൂളിലേക്ക് നൽകണം. അങ്ങനെയാണ് ഇപ്പോൾ 53 ആടുകളായത്. പച്ചക്കറി വിറ്റ് കിട്ടിയ പണവും പോക്കറ്റ് മണിയും ഉപയോഗിച്ചാണ് 2008 ൽ കുട്ടികൾ മണിക്കുട്ടി എന്ന ആട്ടിൻ കുട്ടിയെ സ്‌കൂളിലേക്ക് വാങ്ങിയത്.

ഈ വർഷത്തെ ഗോട്ട് ക്ലബ്ബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫായിസിനാണ് ഇത്തവണ നറുക്കുവീണത്. പദ്ധതിയുടെ സ്ഥാപകൻ ടി.എൻ.പ്രതാപൻ എം.പി ആട്ടിൻകുട്ടിയുടെ വിതരണം നിർവഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് അംഗം കെ.എസ്.ധനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക കൺവീനർ കെ.എസ് ദീപൻ ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.എ.ജാഫർ, ഹെഡ്മിസ്ട്രസ് സി.പി.ഷീജ, സ്‌കൂൾ ഗോട്ട് ക്ലബ് കൺവീനർ വി.ഉഷാകുമാരി, അജിത് പ്രേം പി., കെ.ജി റാണി, പി.വി.ശ്രീജ മൗസമി, ജുനൈദ, കെ.എസ് ഷീന, പി.പി ജ്യോതി, എൻ.എസ് നിഷ, പി.കെ ഷീബ എന്നിവർ പ്രസംഗിച്ചു. കൃഷ്‌ണേട്ടനെ ടി.എൻ പ്രതാപൻ എം.പി ആദരിച്ചു.

ജീവൻ ജീവന്റെ ജീവൻ ഇതുവരെ

2008 ആഗസ്റ്റ് അഞ്ചിന് വനംമന്ത്രി ബിനോയ് വിശ്വം

കൈമാറിയത്

53 ആട്ടിൻകുട്ടികളെ

11 തലമുറകളിലേക്ക്

പദ്ധതി 15ാം വർഷത്തിലേക്ക്

ജീവൻ ജീവന്റെ ജീവൻ മികച്ച പദ്ധതിയാണ്. വാർത്തകളിൽ നിന്നാണ് പദ്ധതിയെക്കുറിച്ച് മനസിലാക്കുന്നത്. മുതിർന്നവരും ഈ പദ്ധതിയെ പിന്തുണക്കേണ്ടതുണ്ട്. ഇനിയും പറ്റാവുന്ന രീതിയിൽ പദ്ധതിയുമായി സഹകരിക്കും

സി.ഡി. കൃഷ്ണൻ