തൃപ്രയാർ: തളിക്കുളം നമ്പിക്കടവിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്‌കൂൾ, മദ്രസ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളടക്കം നാലു പേർക്ക് കടിയേറ്റു. പൂരാടൻ പ്രകാശൻ ഭാര്യ തീർത്ഥ, വിദ്യാർത്ഥികളായ വലിയകത്ത് ഷാബിറയുടെ മകൻ അംദാൻ (9), അരവശ്ശേരി അൻസാറിന്റെ മകൻ മുഹമ്മദ് അമീൻ(8), മുണ്ടൻ ചന്ദ്രകുമാറിന്റെ മകൾ അമൃത (13) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
നാലുപേരെയും തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെ റോഡരികിൽ നിൽക്കുകയായിരുന്ന തീർത്ഥയ്ക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് അര കിലോമീറ്ററോളം ഓടിയ നായ മദ്രസയിലേക്ക് പോവുകയായിരുന്ന അമീനെയും ആക്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമൃതയ്ക്കും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ അംദാനെയും ആക്രമിച്ചു.

നമ്പിക്കടവിൽ കൂട്ടം കൂടി അലഞ്ഞിരുന്ന മറ്റ് നായ്ക്കളെയും തെരുവ് നായ ആക്രമിച്ചു. അടുത്തുള്ള കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നായയെ കച്ചവടക്കാരൻ കല്ലെറിഞ്ഞ് ഓടിച്ചു. അതിനിടെ മറ്റൊരാളെയും ആക്രമിക്കാൻ നായ ശ്രമിച്ചു. പിന്നീട് നാട്ടുകാർ തെരുവ് നായയെ തല്ലിക്കൊന്നു. നായയ്ക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് പറയുന്നു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രദേശത്ത് വളർത്തുനായകൾക്ക് കുത്തിവയ്പ്പ് നൽകി.