
തൃശൂർ : കുറ്റൂർ ഗവ. എൽ.പി സ്‌കൂളിൽ നിന്നും മൂന്ന് അദ്ധ്യാപകർക്ക് ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകുകയും പകരം അദ്ധ്യാപകരെ നിയമിക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ കളക്ടറുടെയും വിദ്യാഭ്യാസ ഉപ ഡെപ്യൂട്ടി ഡയറക്ടറുടെയും അടിയന്തര ഇടപെടൽ. സ്ഥലം മാറ്റപ്പെട്ട അദ്ധ്യാപകർക്ക് പകരം അദ്ധ്യാപകരെത്തുന്നത് വരെ തത്സ്ഥിതി തുടരാനും നിർദ്ദേശിച്ചു. അദ്ധ്യാപകരില്ലാത്ത സാഹചര്യം കുറ്റൂർ ഗവ.എൽ.പി സ്‌കൂളിലുണ്ടാകില്ലെന്ന് കളക്ടർ ഹരിത വി.കുമാർ പറഞ്ഞു.
അദ്ധ്യാപകരുടെ സ്ഥലം മാറ്റം മൂലം സ്‌കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് കാട്ടി 'കേരള കൗമുദി ' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്. പി.എസ്.സി അഡ്വൈസ് മെമ്മോ നൽകുന്നത് അനുസരിച്ചോ, പഞ്ചായത്തിന്റെ മുൻകൈയിൽ അഭിമുഖം നടത്തി താത്കാലിക നിയമനം നൽകുന്നതനുസരിച്ചോ മാത്രം സ്ഥലം മാറ്റത്തിന് അനുമതി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദനമോഹൻ നിർദ്ദേശം നൽകി.
നാല് കുട്ടികൾ മാത്രമായി അടച്ചുപൂട്ടലിലെത്തിയ സർക്കാർ പ്രാഥമികവിദ്യാലയത്തെ ജനകീയ ഇടപെടലിലൂടെ വീണ്ടെടുത്ത് 80 കുട്ടികളും മികച്ച അദ്ധ്യയന നിലവാരവും വീണ്ടെടുത്തപ്പോൾ അദ്ധ്യാപകർക്ക് കൂട്ടസ്ഥലമാറ്റം നൽകിയതിനെതിരെ പി.ടി.എ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
പ്രസിഡന്റ് സി.എ.പോൾസൺ, എം.പി.ടി.എ പ്രസിഡന്റ് സിന്ധു അശോകൻ, പഞ്ചായത്ത് മെമ്പർമാരായ പ്രകാശ് ഡി ചിറ്റിലപ്പിള്ളി, നിഷ സജീവൻ, ഒ.എസ്.എ പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ എന്നിവർ ഡി.ഡി.ഇ, കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പ്രശ്‌നം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിലും കൊണ്ടുവന്നു.
പ്രശ്‌നം ഉടലെടുത്തത്
മൂന്ന് പേർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ച സ്ഥലത്ത് ഒഴിവുണ്ടായിരുന്നത് കൊണ്ടും സീനിയർ അദ്ധ്യാപകരായത് കൊണ്ടും മൂന്ന് പേർക്കും സ്ഥലം മാറ്റം ലഭിച്ചു. ഈ വിദ്യാലയത്തിലേക്ക് ആരും അപേക്ഷിക്കാത്തതിനാലാണ് പകരം അദ്ധ്യാപകരെത്താതിരുന്നത്. അദ്ധ്യാപകരില്ലെങ്കിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കാൻ നിലവിലുത്തരവുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധിയും പ്രധാന അദ്ധ്യാപകനുമെല്ലാം ചേർന്ന് അഭിമുഖം നടത്തി നിയമനം നടത്താമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപഡയറക്ടർ പ്രതികരിച്ചു. പ്രൈമറി അദ്ധ്യാപകരുടെ നിരവധി ഒഴിവുണ്ട്. ഇപ്പോൾ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഡ്വൈസ് മെമ്മോ അയക്കാനുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്.