
തൃശൂർ : കാലവർഷം ശക്തമായി തുടരുന്നതിനിടെ മുളങ്കുന്നത്ത്കാവ് കിള്ളന്നൂരിൽ അത്തേക്കാട്, വിശ്വംഭരന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് നാശനഷ്ടമുണ്ടായി. ആർക്കും പരിക്കില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൂമല ഡാമിന്റെ സ്പിൽവേ 1, 2, 3, 4 ഷട്ടർ കാൽ ഇഞ്ച് വീതം ഇന്നലെ രാവിലെയുയർത്തി.
ഡാമിന്റെ സംഭരണ ശേഷി 29 അടിയാണ്. നിലവിൽ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാലവർഷം ശക്തമായതിനെ തുടർന്ന് കടൽക്ഷോഭവും ശക്തമായി.
തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പെരിങ്ങൽകുത്ത് ഡാമിന്റെ സ്‌ളൂയിസ് വാൽവ് കഴിഞ്ഞ ദിവസം തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടിരുന്നു. മഴ ഇനിയും കൂടുന്ന സാഹചര്യമുണ്ടായാൽ ഒരു സ്ലൂയിസ് വാൽവ് കൂടി തുറക്കാൻ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ആവശ്യമായ മുന്നറിയിപ്പ് നൽകി ഘട്ടം ഘട്ടമായാണ് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്ന് അധികജലം ഒഴുക്കിവിടുക.
കേരളത്തിൽ കാലവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ തീരദേശങ്ങളിൽ ഉയർന്ന തിരമാലകളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്‌നേഹതീരം ബീച്ച് പാർക്കിൽ ഒരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.