കയ്പമംഗലം: കനത്ത മഴയെത്തുടർന്ന് തീരദേശത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ചെന്ത്രാപ്പിന്നിയിൽ കാനകൾ നിറഞ്ഞ് റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണുള്ളത്. മഴ പെയ്താൽ ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിലും പല വിദ്യാലയങ്ങളിലേക്കും ചെറിയ റോഡിൽ പോലും വെള്ളക്കെട്ടാണ്.
ചിലയിടങ്ങളിൽ കാനയില്ലാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ദേശീയപാത 66 പാലപ്പെട്ടി മുതൽ മതിലകം വരെയുള്ളിടത്ത് റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുന്നത് അപകട ഭീഷണിയാകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.