പാവറട്ടി: ഭിന്നിപ്പുകൾ മറന്ന് പാവറട്ടിയിൽ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനം. ഈ ശ്രമത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഭരണ മാറ്റത്തിന് സാദ്ധ്യതയും തെളിയുന്നു. കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം പാർട്ടിയിൽനിന്ന് പുറത്തു നിൽക്കുന്നവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഭരണമാറ്റത്തിന് സാദ്ധ്യത തെളിയുന്നത്. 15 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ആധിപത്യം ഉണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം മൂലം പാവറട്ടിയിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. കോൺഗ്രസ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറും വൈസ് പ്രസിഡന്റ് എം.എം റജീനയുമാണ് എൽ.ഡി.എഫ് പിന്തുണയോടുകൂടി നിലവിൽ ഭരണം നടത്തുന്നത്. ഇരുവരെയും വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി കോൺഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിനെതിരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യതയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം കൊടുത്ത കേസ് നിലവിലുണ്ട്. ഉപാധികൾ അനുസരിച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറായി എന്ത് വില കൊടുത്തും പാർട്ടിയെ അധികാരത്തിൽ എത്തിക്കാനുള്ള കഠിന ശ്രമമാണ് നേതാക്കളുടെ ഭാഗത്തുനിന്നും നടക്കുന്നത്.