
തൃശൂർ : ലീഡർ കെ.കരുണാകരനെ ആക്ഷേപിച്ചവരിൽ ഏറെയും അദ്ദേഹത്തെ മനസിലാക്കാത്തവരായിരുന്നുവെന്ന് അബ്ദുസമദ് സമദാനി എം.പി പറഞ്ഞു.
കെ.കരുണാകരന്റെ നൂറ്റിനാലാം ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മതേതര ജനാധിപത്യം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഡർ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ലാളിത്യം, ജീവിത വിശുദ്ധി, കുടുംബ ബന്ധം എന്നിവയെല്ലാം പല അവസരത്തിലും തെറ്റിദ്ധരിപ്പിക്കപെട്ടിട്ടുണ്ട്. എന്നാൽ അതിലൊന്നും അദ്ദേഹം പരിഭവപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വേഗമാണ് അദ്ദേഹത്തിന്റെ ഊർജ്ജസ്വലത. തികഞ്ഞ മതേതരവാദിയും ജനാധിപത്യ വാദിയുമായിരുന്ന ലീഡറെ പോലെയുള്ളവർ മനസിൽ പോലും ചിന്തിക്കാത്ത സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നടക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി, പി.വി.കൃഷ്ണൻനായർ, എം.പി.സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, ഒ.അബ്ദുറഹിമാൻകുട്ടി, പി.എ.മാധവൻ, എം.പി.വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ, അഡ്വ.ജോസഫ് ടാജറ്റ് പങ്കെടുത്തു.
വനിതാ ഡോക്ടറോട് തട്ടിക്കയറിയ സംഭവത്തിൽ
ആർ.എം.ഒയ്ക്കെതിരെ റിപ്പോർട്ട്
തൃശൂർ : മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറോട് തട്ടിക്കയറിയ സംഭവത്തിൽ ആർ.എം.ഒയ്ക്കെതിരെ വനിതാ സെൽ കമ്മിറ്റിയുടെ റിപ്പോർട്ട്. ആർ.എം.ഒ രൺധീപിന്റെ നടപടി ഡോ.ദീപയെ വേദനിപ്പിച്ചെന്നാണ് റിപ്പോർട്ടിലെ പരാമർശം. മൈക്രോ ബയോളജി എച്ച്.ഒ.ഡിയുടെ നേതൃത്വത്തിൽ വനിതാ സെല്ലാണ് അന്വേഷണം നടത്തിയത്. ആർ.എം.ഒ രൺധീപ്, ശിശു രോഗ വിദഗ്ദ്ധ ഡോ.ദീപ അനിരുദ്ധനോട് മോശമായി പെരുമാറിയെന്നാണ് പരാതി.
അതേ സമയം മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് ദീപ സമിതിയോട് പറഞ്ഞിട്ടുള്ളത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ദീപ പൊലീസെത്തിയപ്പോൾ മൊഴി നൽകാൻ പോയ സമയത്ത് അവിടെയെത്തിയ രൺധീപ്, ഡോ.ദീപയോട് ജോലി ചെയ്യാതെ നടക്കുകയാണെന്ന രീതിയിൽ പെരുമാറിയെന്നാണ് പരാതി.