കൊടുങ്ങല്ലൂർ: മഴ ശക്തമായതോടെ എടവിലങ്ങ് കാര സെന്ററിൽ രൂപപ്പെട്ട വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങളെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നു. വെള്ളക്കെട്ടിനെത്തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്.

അഴീക്കോട് - ചാമക്കാല തീരദേശ റോഡ് വികസനത്തിന്റെ ഭാഗമായി ഈ ഭാഗത്തും മറ്റും റോഡിന്റെ ഉയരം കൂട്ടിയതിനാലാണ് മഴവെള്ളം സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്താൻ കാരണം. റോഡ് ഉയർത്തുന്നതോടൊപ്പം കാന കൂടി നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമ്മാണം നടന്നിട്ടില്ല.

റോഡരികിൽ കാന ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. കാൽനടയാത്രക്കാർക്കും നടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.