തൃശൂർ: തെരുവുനായ ശല്യത്തിൽ ജനം വലയുമ്പോൾ കോർപറേഷൻ യോഗത്തിൽ പോരടിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. ഡമ്മി നായ്ക്കളുമായെത്തി ബി.ജെ.പിയും പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജനുമായുള്ള തർക്കം കയ്യാങ്കളിയുടെ വക്കിലെത്തി. വന്ധ്യംകരിച്ച നായകൾ പ്രസവിക്കുന്ന കാര്യം കൃത്യമായി നോക്കാൻ പ്രതിപക്ഷ നേതാവിന് പ്രത്യേക കഴിവുണ്ടെന്ന ഷാജന്റെ പരാമർശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. രാജൻ പല്ലൻ നടുത്തളത്തിലിറങ്ങി വെല്ലുവിളിച്ചതോടെ തർക്കം മുറുകി. വന്ധ്യംകരിച്ചുവെന്ന് പറഞ്ഞ് ചെവിയിൽ അടയാളമിട്ട നായ പ്രസവിച്ചെന്ന് പ്രതിപക്ഷം പരിഹസിച്ചു. തെരുവുനായ വിഷയം കോൺഗ്രസ് കൗൺസിലർമാർ തുടക്കമിട്ടപ്പോൾ ബി.ജെ.പി അംഗങ്ങൾ പ്രതീകാത്മകമായി ഡമ്മി നായയെ ഷാജനു സമ്മാനിച്ചു. പ്രതീകാത്മക നായയെ മടിയിൽ വച്ച് കോൺഗ്രസ് കൗൺസിലർ എ.കെ. സുരേഷും പ്രതിഷേധിച്ചു.
ഡ്രൈവർ പി.എൽ. ലോറൻസ് ഉൾപ്പെടെ ഏഴുപേരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാനുള്ള അജൻഡയിൽ പ്രതിപക്ഷവും രണ്ടു ഭരണപക്ഷാംഗങ്ങളും വിയോജിച്ചു. ഇതോടെ കൗൺസിലിലെ 32 പേരും എതിർപക്ഷത്തായി. എന്നാൽ അജൻഡ അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയർ എം.കെ. വർഗീസ് യോഗം പിരിച്ചുവിട്ടു. ധ്യാൻ പദ്ധതിയനുസരിച്ച് പിടികൂടിയ കന്നുകാലികളുടെ പരിപാലന ചുമതല സംബന്ധിച്ച ചർച്ചയും ബഹളത്തിനിടയാക്കി. പല നായ്ക്കളും ചത്തുവെന്നും കണക്ക് ലഭ്യമാക്കണമെന്നും ബി.ജെ.പിയിലെ വി. ആതിര ആവശ്യപ്പെട്ടു. കന്നുകാലികളെ പിടിച്ചുകെട്ടാൻ ആറ് ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിശദ പരിശോധനയ്ക്കായി അജൻഡ മാറ്റിവെച്ചു. ജോൺ ഡാനിയേൽ, സുനിൽരാജ്, പൂർണിമ സുരേഷ്, വർഗീസ് കണ്ടംകുളത്തി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
എൻഡ്‌സ് പദ്ധതി പ്രകാരം ഇതുവരെ 10,000 ൽ അധികം നായ്ക്കളെ വന്ധ്യംകരിച്ചു. ഒരു വർഷത്തിനിടെ 1060 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി.
-പി.കെ. ഷാജൻ.
(സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
നായകളെ വന്ധ്യംകരിക്കുന്നതിന്റെ മറവിൽ ലക്ഷങ്ങളാണ് തട്ടുന്നത്. എ.ബി.സി പദ്ധതി പാളി.
-രാജൻ ജെ. പല്ലൻ
(പ്രതിപക്ഷ നേതാവ്)