ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ മാണിക്കത്ത് പടിയിലെ 'ശ്രീചിൻമയ'ത്തിൽ നടക്കുന്ന സപ്താഹത്തിന് ഗുരുവായൂർ പ്രഭാകർ ആണ് യജ്ഞാചാര്യൻ. രാവിലെ ഒമ്പതിന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരിപ്പാടും ചേർന്ന് ഭദ്രദീപം തെളിക്കും. ഓരോ ദിവസവും കേരളത്തിലെ അറിയപ്പെടുന്ന ഭാഗവത ആചാര്യൻമാർ യജ്ഞം നയിക്കും. സമാപന ദിനമായ 15 ന് ഉച്ചയ്ക്ക് യജ്ഞ സമർപ്പണം ശ്രീകണ്‌ഠേശ്വരം സോമവാര്യർ നിർവഹിക്കും. പത്രസമ്മേളനത്തിൽ രക്ഷാധികാരി വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, കോ-ഓർഡിനേറ്റർ രവി ചങ്കത്ത്, ഗുരുവായൂർ പ്രഭാകർ, മധു കെ.നായർ, കെ.കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.